ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വിവരം. ആരോഗ്യം വീണ്ടെടുക്കുന്നതായും ഉടനെ ആശുപത്രി വിടുമെന്നുമാണ് റിപ്പോർട്ട്. കോടിയേരിയുടെ ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പ്രിയ നേതാവിൻ്റെ പുതിയ ലുക്ക് നേതാക്കളടക്കം നിരവധിയാളുകളാണ് പങ്കുവെച്ചിരിക്കുന്നത്.
ആരോഗ്യനില ഭേദപ്പെട്ടതായും രണ്ട് ആഴ്ചക്കകം ആശുപത്രി വിടാന്‍ സാധിക്കുമെന്നും കോടിയേരിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 30 മുതൽ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് കോടിയേരി ബാലകൃഷ്ണൻ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞിരുന്നു.