ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 41-ാമത് പതിപ്പ് നവംബർ രണ്ട് മുതല്‍ 13 വരെ നടക്കും. ഷാർജ ബുക്ക് അതോറിറ്റിയുടേതാണ് പ്രഖ്യാപനം. വാക്കുകൾ പരക്കട്ടെ എന്ന തീമിലാണ് മേള. ഷാർജയിലെ എക്സ്പോ സെന്ററിലാണ് മേള നടക്കുക.
ഇറ്റലിയാണ് ഈ വർഷത്തെ വിശിഷ്ടാതിഥി. ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രഗത്ഭരായ എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പരിപാടിക്ക് നേതൃത്വം നൽകും. ഒരു ജനതയുടെ വ്യക്തിത്വ വികാസവും സാംസ്കാരിക രൂപീകരണവും ലക്ഷ്യം വെച്ച് ലക്ഷ്യം വെച്ച് അഞ്ച് പതിറ്റാണ്ടായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഷാര്‍ജ ബുക് ഫെയറെന്ന് ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.
പുസ്തകങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിനുകളും വികസന ഉപകരണങ്ങളുമാണ്. പുസ്തകങ്ങളില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും സാധ്യമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വാക്കുകളിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ ശക്തിയെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വാക്കുകൾ ചെലുത്തുന്ന സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഇത്തവണത്തെ തീം എന്ന് മേളയുടെ ജനറൽ കോ-ഓർഡിനേറ്റർ ഖൗല അൽ മുജൈനിയും വ്യക്തമാക്കി.
ലോകമെമ്പാടുമുളള ആയിരക്കണക്കിന് പുസ്കകങ്ങളുടെ ശേഖരം, പ്രസാധകരുടെ ഒത്തുചേരല്‍, എഴുത്തുകാരുടെ സംഗമം, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ പ്രകടനം, തുടങ്ങി വിജ്ഞാന വിനോദോപാതികളുടെ അന്താരാഷ്ട്ര വേദി കൂടിയായി മാറും ഷാര്‍ജ ബുക്ക് ഫെയര്‍.