എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് വെയിൽസ് രാജകുമാരി കാതറിൻ ധരിച്ചത് ബഹ്റൈൻ മുത്തുകൾ കൊണ്ട് നിർമ്മിച്ച കമ്മലുകൾ. രാജകീയ ശേഖരത്തിന്റെ ഭാഗമായ രാജ്ഞിയുടെ ബഹ്റൈൻ പേൾ ഡ്രോപ്പ് കമ്മലുകളാണ് രാജകുമാരി ധരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾക്കും രാജകുമാരി ഇതേ കമ്മലുകളാണ് ധരിച്ചത്.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ വിലാപയാത്രയില്‍ മുത്തുകൾ കൊണ്ടുളള ആഭരണങ്ങൾ ധരിക്കുന്നത് പതിവാണ്. വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ആരംഭിച്ച പാരമ്പര്യം പലകുറി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 1861-ൽ തന്റെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ മരണശേഷം മുത്തും കറുത്ത ആഭരണങ്ങളും മാത്രം ധരിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ കാലം മുതലുളള പാരമ്പര്യമാണത്. ക്വീന്‍ എലിസബത്തിന്റെ വിടവാങ്ങലിലും രാജകുടുംബാംഗങ്ങൾ പതിവ് ആവര്‍ത്തിച്ചത് ശ്രദ്ധേയമായി.
1947ൽ ബഹ്റൈനിലെ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എലിസബത്ത് രാജ്ഞിയുടെ വിവാഹ സമ്മാനമായി നൽകിയ ഏഴ് മുത്തുകളിൽ നിന്നാണ് കമ്മലുകൾ നിർമ്മിച്ചത്. ഓരോ കമ്മലിലും ഒരു തിളങ്ങുന്ന വൃത്താകൃതിയിലുള്ള വജ്രം, നാല് ചെറിയ വൃത്താകൃതിയിലുള്ള വജ്രങ്ങൾ, മൂന്ന് ബാഗെറ്റ് കട്ട് വജ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. കമ്മലിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത് താഴെയുളള ബഹ്റൈൻ മുത്താണ്.
അതേസമയം എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര വേളയിൽ ജോർജ്ജ് രാജകുമാരനും കാതറിനും ഒപ്പം നില്ക്കുന്ന ഷാർലറ്റ് രാജകുമാരി രാജകീയ ശേഖരത്തിൽ നിന്നുള്ള മറ്റൊരു മുത്ത് കമ്മലുകളാണ് ധരിച്ചിരുന്നത്. ജാപ്പനീസ് സർക്കാര്‍ സമ്മാനമായി നില്‍കിയ നാല് നിരകളുള്ള പേൾ ചോക്കറാണത്. 1982 നവംബറിൽ ഡയാന രാജകുമാരിക്ക് ഒരു വിരുന്നിനായി എലിസബത്ത് ഇത് കടം നൽകിയതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.