രണ്ട് മാസത്തെ അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അവരുടെ കുടുംബവും. നാട്ടിലെ സ്കൂൾ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ടുകൊണ്ട് വിമാനക്കമ്പനികൾ പതിവ് പണി തുടങ്ങി കഴിഞ്ഞു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നതിനാൽ ഗൾഫ് സെക്ടറുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാനകമ്പനികൾ. ഈ മാസം അവസാനത്തോടെ നാട്ടിലെ വിദ്യാലയങ്ങൾ അവധിയ്ക്കായി അടയ്ക്കുമ്പോൾ പലരും കുടുംബത്തോടെ വിദേശത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. അത് മാത്രമല്ല, ഈ മാസം അവസാനത്തോടെ നാട്ടിൽ നിന്നു ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടിയിട്ടുണ്ട്. 50% മുതൽ മൂന്നിരട്ടി വരെ വർധനവുണ്ടായിട്ടുണ്ട് എന്നാണ് പ്രവാസികൾ പറയുന്നത്.
ഏപ്രിൽ 2ന് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയ്ക്ക് മുകളിലാണെന്നത് ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. തിരിച്ചു നാട്ടിലേക്കുള്ള നിരക്ക് 26,000 രൂപയാണ്. ഏപ്രിലിൽ പല ദിവസങ്ങളിലും ശരാശരി 20,000 രൂപയ്ക്ക് ജിദ്ദയിൽനിന്നു കോഴിക്കോട്ട് എത്താൻ കഴിയും. പെരുന്നാൾ ആഘോഷത്തിന് വേണ്ടി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചുപോകുന്നതു ലക്ഷ്യമിട്ടും നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. പെരുന്നാളിനു ശേഷം ഏപ്രിൽ 13ന് 10,522 രൂപയാണ് ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള നിരക്ക്. അതേദിവസം കോഴിക്കോട്ടു നിന്നു ദുബായിലേക്കു പോകാൻ 20,828 രൂപ നൽകേണ്ടി വരും. ഏപ്രിൽ 13, 14 തീയതികളിൽ 11,000 രൂപയ്ക്ക് അബുദാബിയിൽ നിന്നു കോഴിക്കോട്ടെക്കെത്താം. എന്നാൽ, 13ന് 20,828 രൂപയും 14ന് 25,446 രൂപയുമാണ് കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കുള്ള നിരക്കായി വിമാന കമ്പനികൾ ഈടാക്കുന്നത്.
അതേസമയം, പെരുന്നാളിനു ശേഷം ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 13, 14 തീയതികളിൽ കോഴിക്കോട്ടുനിന്ന് ദോഹയിലേക്ക് പോവാൻ ശരാശരി 30,000 രൂപ വേണം. ഈ ദിവസങ്ങളിൽ ദോഹയിൽ നിന്നു നാട്ടിലേക്ക് ശരാശരി 11,000 രൂപയേ ഉള്ളൂ. എന്നാൽ മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് ഏപ്രിലിൽ 8000 രൂപ മുതൽ 12,000 രൂപവരെയാണു നിരക്ക്. ദോഹയിലേക്കു വർധനയുള്ളത് പെരുന്നാളിന്റെ തൊട്ടു മുൻപുള്ള ദിവസങ്ങളിൽ മാത്രമാണ്. 19,000 –21,000 രൂപ വരെ നിരക്കായി നൽകണം. അതേസമയം പെരുന്നാൾ കഴിഞ്ഞാൽ കോഴിക്കോട്ടു നിന്നു മസ്കറ്റിലേക്കും ഇതേ വർധനയുണ്ട്. റമസാനിൽ ഉംറ തീർഥാടകർ കൂടുതലാണെങ്കിലും പലരും നേരത്തേ ടിക്കറ്റ് എടുത്തതിനാൽ നിരക്കുവർധന ഇവരെ കാര്യമായി ബാധിക്കില്ല.