നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ദുബായിൽ ഒരു യുവാവ്. ശക്തമായ കാറ്റിനേത്തുടർന്ന് തൂങ്ങിയാടിയ ട്രാഫിക് ലൈറ്റ് ശരിയാക്കി വലിയ അപകടങ്ങൾ ഒഴിവാക്കി ഹീറോ ആയിരിക്കുകയാണ് ഡെലിവറി ജീവനക്കാരനായ സീഷൻ അഹമ്മദ്. സമൂഹത്തിനായി താൻ ചെയ്ത സേവനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് അറിയാതെ തന്റെ ജോലികളിൽ മുഴുകിയ സീഷാനെ ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിക്കുകയും ചെയ്തു.
അൽ വാസൽ സ്ട്രീറ്റിലെ ട്രാഫിക് ലൈറ്റുകളിലൊന്നാണ് തകർന്നതിനേത്തുടർന്ന് തൂങ്ങിയാടിയിരുന്നത്. തന്റെ ജോലിയുടെ ഭാഗമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സിഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് സീഷാൻ സിഗ്നൽ ലൈറ്റ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇതോടെ ബൈക്ക് നിർത്തി സിഗ്നലിന് സമീപമെത്തിയ സീഷാൻ ലൈറ്റ് ശരിയായി സ്ഥാപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ സദ്പ്രവൃത്തി ഒരു വാഹനയാത്രക്കാരൻ ക്യാമറയിൽ പകർത്തുകയും ചെയ്തു. അധികംവൈകാതെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ആർടിഎ അധികൃതർ തലാബത്ത് മാനേജ്‌മെൻ്റുമായി ബന്ധപ്പെടുകയും സീഷാന്റെ വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു. പിന്നീട് ആർടിഎ ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായറാണ് സീഷാനെ ആദരിച്ചത്. പ്രശസ്തി ആഗ്രഹിച്ചല്ല താൻ സിഗ്നൽ ലൈറ്റ് ശരിയാക്കിയതെന്നും അപകടമൊഴിവാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും തന്റെ വീഡിയോ ചിത്രീകരിച്ച കാര്യമോ അത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച കാര്യമോ താൻ അറിഞ്ഞിരുന്നില്ലെന്നും സീഷാൻ വ്യക്തമാക്കി. പത്ത് വർഷത്തിലേറെയായി യുഎഇയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്ന സീഷാൻ പാക്കിസ്ഥാൻ സ്വദേശിയാണ്.