ഈദുൽ ഫിത്ർ അവധി എത്തുന്നത്തോടെ അവധിക്കാല യാത്രക്കൊരുങ്ങുകയാണ് പലരും. അത്തരത്തിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മതിയായ രേഖകൾ ശരിയാക്കി വെക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കേണ്ടതിന്റെ ആവശ്യകത ആർ.ഒ.പി ഓർമിപ്പിച്ചു. മതിയായ രേഖകളില്ലാതെ യാത്ര മുടങ്ങുന്ന സംഭവം നേരത്തേ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ യാത്ര രേഖകളില്ലാത്തതും ശരിയല്ലാത്തതിന്റെയോ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഓരോ വർഷവും 50,000ലധികം യാത്രക്കാർക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ് പോർട്ട് അസോസിയേഷൻ വ്യക്തമാക്കി. മാത്രമല്ല, പലരും പാസ്പോർട്ടിന്റെയോ റസിഡൻസ് കാർഡുകളുടെയോ കാലാവധി പരിശോധിക്കാറില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. എയർപോർട്ടിൽ എത്തുമ്പോഴോ യാത്രക്ക് മുമ്പുള്ള ദിവസങ്ങളിലോ ആണ് ഇത് ശ്രദ്ധയിൽപെടുന്നത്.
ഏപ്രിൽ പത്ത് പെരുന്നാളാവാൻ സാധ്യതയുള്ളതിനാൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ അവധിയാണ് പലരും പ്രതീക്ഷിച്ചിരിക്കുന്നത്. വിനോദ യാത്രകൾക്ക് മാത്രമല്ല, പെരുന്നാളിന് നാട്ടിൽ പോകുന്നവരുമുണ്ട്. അവധി അടുക്കുമ്പോൾ മുൻ കൂട്ടി തീരുമാനിക്കാതെ യാത്രക്കൊരുങ്ങുന്നവരും നിരവധിയാണ്. കുടുംബമായി യാത്ര ചെയ്യുമ്പോൾ കുടുംബത്തിലെ ഏതെങ്കിലും കുട്ടികളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ ചില ഘട്ടങ്ങളിൽ കുടുംബത്തിന്റെ യാത്ര മുടങ്ങും. അതിനാൽ കുടുംബത്തിലെ എല്ലാവരുടെയും പാസ്പോർട്ടിന്റെ കാലാവധി പരിശോധിക്കുകയും കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ പാസ്പോർട്ടുകൾ ഉടൻ പുതുക്കുകയും വേണമെന്ന് ആർഒപി ഓർമിപ്പിച്ചു.
കാലാവധി കഴിയുന്നതിന് ആറ് മാസം മുൻപെങ്കിലും പാസ്പോർട്ട് പുതുക്കിയിരിക്കണം. യാത്ര ചെയ്യുന്നവർ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും നിർബന്ധമാണ്. അതേസമയം, ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് റസിഡൻറ് കാർഡ് നിർബന്ധമായിരിക്കണം. ഒമാൻ സർക്കാർ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാത്തത് കൊണ്ട് ഒമാനിൽ താമസക്കാരനാണ് എന്ന് തെളിയിക്കുന്ന ഏക രേഖ റസിഡന്റ് കാർഡുകളാണിവ. ഒമാനിലേക്ക് വരുമ്പോഴും റസിഡന്റ് കാർഡുകൾ കൃത്യമായി പരിശോധിക്കാറുണ്ട്. അതിനാൽ റസിഡന്റ് കാർഡ് കാലാവധി കഴിയുകയോ കഴിയാറാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പുതുക്കാനുള്ള നടപടി ക്രമങ്ങളും നടത്തേണ്ടത് ആവശ്യമാണ്.
യാത്ര ചെയ്യുന്നവർ സമയം കൃത്യമായി മനസ്സിലാക്കുകയും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന വേളകളിൽ നേരത്തെ വിമാനത്താവളത്തിലെത്തുകയും വേണം. വിമാന സമയം 24 മണിക്കുർ ക്ലോക്കിലായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക. അതിനാൽ ഒറ്റയക്കത്തിൽ വരുന്ന സമയങ്ങൾ പുലർച്ചെയാണ് എന്ന് മനസ്സിലാക്കണം. യാത്ര ചെയ്യുമ്പോൾ പാസ്പോർട്ട്, ടിക്കറ്റ്, റസിഡൻറ് കാർഡ് എന്നിവ എടുക്കാനും മറക്കരുത്. യാത്ര ഇൻഷുറൻസ് ഉള്ളവർ അതിന്റെ കോപ്പിയും യാത്ര ചെയ്യുമ്പോൾ കൂടെ കരുതണം.