യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ചൊവ്വാഴ്ച മേഖലയിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈടെക് ഡെസേർട്ട് ഫാം സന്ദർശിച്ചു. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗ് നടത്തുന്ന ഇൻഡോർ വെർട്ടിക്കൽ ഫാമായ ബുസ്റ്റാനിക്കയ്ക്ക് പ്രതിവർഷം 1,000 ടണ്ണിലധികം ഇലക്കറികൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
ഹൈഡ്രോപോണിക് രീതി ഉപയോഗിച്ച് വിജയകരമായി കൃഷിനടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാമാണിത്. ഫാമുകളിൽ മണ്ണ് ഉപയോഗിക്കാതെയാണ് ചെടികൾ വളര്‍ത്തുന്നത്. പരമ്പരാഗത കൃഷിയേക്കാൾ 70 മുതൽ 90 ശതമാനം വരെ വെള്ളം കുറവാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് കാർഷിക സമുച്ചയത്തിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ശൈഖ് മുഹമ്മദിനെ ധരിപ്പിച്ചു.
സുസ്ഥിര ഭക്ഷ്യ ഉൽപ്പാദന സംവിധാനങ്ങളും പ്രതിരോധശേഷിയുള്ള കാർഷിക രീതികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കൃഷിസ്ഥലം കണ്ടെത്താനുളള പരിമിതകളും വെത്യസ്തമായ കാലാവസ്ഥകളും അതിജീവിച്ച് ഭക്ഷ്യോത്പാദനം കാര്യക്ഷമമാക്കാന്‍ നൂതന വിദ്യകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള ഫാം എമിറേറ്റ്‌സ് ഫ്ലൈറ്റ് കാറ്ററിംഗും സാങ്കേതിക വിദ്യാധിഷ്ഠിത ഇൻഡോർ വെർട്ടിക്കൽ ഫാമിംഗിൽ വൈദഗ്ധ്യമുള്ള സ്ഥാപനമായ ക്രോപ്പ് വണ്ണും തമ്മിലുള്ള സംയുക്ത സംരംഭമാണ്. രാജ്യത്ത് വിപുലമായ കൃഷിരീതികൾ അവംലംബിക്കുന്നതിന്‍റേയും ഉല്‍പ്പന്നങ്ങൾ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന നടപടികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദര്‍ശനം.