ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം അടയാളപ്പെടുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒന്നാം വാർഷികത്തിന്റെ നിറവിൽ. ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലെ മ്യൂസിയം 2023 മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമർപ്പിച്ചത്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി സന്ദർശകർക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു. നിരവധി ആളുകളാണ് മ്യൂസിയത്തിൽ എത്തിയത്. ഒരുവർഷത്തിനുള്ളിൽ 4,50,000ലധികം ആളുകളാണ് ചരിത്ര കൗതുകങ്ങൾ തേടി മ്യൂസിയം സന്ദർശിച്ചത്.
74 പരിപാടികളും 74 വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഒമാനി യുവതയെ അവരുടെ സാംസ്കാരിക വേരുകളുമായി ബന്ധിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനും മ്യൂസിയത്തിന് കഴിഞ്ഞ ഒരു വർഷത്തിലൂടെ സാധിച്ചിട്ടുണ്ട്. സാധാരണ പൊതുഅവധി ദിനങ്ങളിൽ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. സന്ദർശന സമയം നീട്ടുക, അധിക ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നടപടികളോടെയായിരുന്നു ഇത്തരം സന്ദർഭങ്ങളിൽ സന്ദർശകരെ മ്യൂസിയം വരവേറ്റിരുന്നത്.
ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്തുന്നതിന് 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും മ്യൂസിയത്തിന്റെ പ്രധാന സവിശേഷതയാണ്.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ചു മണിവരെയുള്ള സമയങ്ങളിൽ ഇവിടെ എത്താം. എന്നാൽ പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് മണി വരെ തുറക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമാണ് പ്രവേശന ഫീസ്. എന്നാൽ വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം. 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐ.ഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്.