സ്ത്രീ വേഷത്തിലെത്തി ഭിക്ഷാടനം നടത്തിയ യുവാവ് ദുബായിൽ അറസ്റ്റിൽ. ഇന്ന് പർദ്ദ ധരിച്ച് പള്ളിക്ക് സമീപമിരുന്ന് ഭിക്ഷ യാചിക്കുകയായിരുന്ന അറബ് യുവാവിനെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭിക്ഷാടനം നടത്തുന്ന സ്ത്രീകളോട് ജനങ്ങൾ പുരുഷൻമാരേക്കാൾ കാരുണ്യം കാണിക്കുമെന്നതിനാലാണ് യുവാവ് സ്ത്രീയുടെ വസ്ത്രം ധരിച്ചെത്തിയതെന്ന് ദുബായ് പൊലീസിലെ സസ്പെക്ട്സ് ആന്റ് ക്രിമിനൽ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തുന്നത് പുരുഷനാണോ എന്ന് സംശയം തോന്നിയ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
ഭിക്ഷാടനത്തെ ചെറുക്കാൻ അധികൃതർ വിവിധ നിയമ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. റമദാൻ മാസത്തിൽ ജനങ്ങളുടെ സഹതാപം മുതലെടുക്കുന്നതിനായി ഇത്തരത്തിൽ നിരവധി പേർ ശ്രമിക്കുമെന്നും പൊതുജനങ്ങൾ തട്ടിപ്പുകാർക്ക് ഇരയാകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.