നവകേരള സദസ്സിന്റെ തുടർച്ചയെന്നോണം ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷവകുപ്പ് സംഘടിപ്പിച്ച ‘ഇൻസാഫി’ന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമായിരുന്നു സംഭവം.
മുഖ്യമന്ത്രി പ്രസംഗിച്ചു കഴിഞ്ഞതിന് പിന്നാലെ വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് നന്ദി എന്ന് അവതാരക പറഞ്ഞു. ഇത് കേട്ട ഉടൻ അവതാരകയോട് ‘അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ എന്ന് പ്രതികരിച്ച മുഖ്യമന്ത്രി നിങ്ങൾ ആളെ വിളിക്കുന്നവർ ആളെ വിളിക്കുന്ന ജോലി മാത്രം ചെയ്താൽ മതിയെന്നും അദ്ദേഹം നിർദേശിച്ചു. വെറുതെ വേണ്ടാത്ത കാര്യം പറയുന്നു എന്നു കൂടി പറഞ്ഞാണ് അദ്ദേഹം വേദിയിലുള്ള തന്റെ കസേരയിലേക്ക് തിരിച്ചുപോയത്. മൈക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാവരും കാലത്ത് തന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. അതിന് എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി മറ്റുള്ളവരുടെ സമയം അപഹരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. അത് കഴിഞ്ഞയുടനാണ് വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് നന്ദി സർ എന്ന് അവതാരക മൈക്കിലൂടെ പറഞ്ഞത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.