ഹോപ്പ് മേക്കർ – നന്മ വറ്റാത്തൊരു ലോകത്തിൽ പ്രത്യാശയുടെ പ്രകാശം പരത്തുക, പാവപ്പെട്ടവരുടെ കണ്ണുനീരൊപ്പുന്ന നിരാലംബർക്കു തുണയായി, സമൂഹത്തിനു തന്നെ മാതൃകയാകുന്ന അറബ് ലോകത്തെ പ്രതീക്ഷയുടെ പ്രത്യാശയുടെ നിർമാതാക്കൾ!!! അവരുടെ കഥകൾ ലോകം അറിയേണ്ടേ?. അത്തരം കഥകൾ വേണം ലോകത്തോട് വിളിച്ചു പറയാൻ. അങ്ങനെയുള്ളവരെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനും ഉചിതമായ പാരിതോഷികം നൽകുന്നതാണ് ദുബായുടെ ഹോപ്പ് മേക്കർ പുരസ്കാരം!!!! 2017ലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോപ്പ് മേക്കേഴ്സ് സംരംഭത്തിന് തുടക്കമിട്ടത്.
ഈ വർഷത്തെ ഹോപ്പ് മേക്കേഴ്സ് പുരസ്കാരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുരസ്കാര ജേതാക്കളായ വനിതകളെ കുറിച്ച് കൂടുതൽ അറിയാം. താല അൽ ഖലീൽ എന്ന ഇറാഖി ഫാർമസിസ്റ്റും ‘മാമാ ഫാത്തിയ’ എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ സ്വദേശിനിയുമാണ് ഇത്തവണത്തെ പുരസ്കാരം സ്വന്തമാക്കിയ രണ്ടുപേർ.
ക്യാൻസറും ഡൗൺ സിൻഡ്രോമും ബാധിച്ച 200 കുട്ടികൾക്ക് തണലൊരുക്കിയ താല അൽ ഖലീൽ
തന്റെ ദൈന്യംദിന ജീവിത സാഹചര്യത്തിൽ നിന്ന് താല അൽ ഖലീൽ മാറിചിന്തിച്ചത് 2015ലാണ്. അവിടെ നിന്ന് ജീവിതത്തിന്റെ മറ്റൊരു മേഖലയിലേക്ക് തുടർന്ന ജൈത്രയാത്ര ഇന്ന് ഹോപ്പ് മേക്കർ പുരസ്കാരം വരെ എത്തി നിൽക്കുന്നു.
ബസ്ര ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കാൻസർ രോഗികളെ പരിചരിക്കാൻ തുടങ്ങിയതോടെയാണ് താലയുടെ ജീവിതം മാറിയത്. ക്യാൻസർ ബാധിച്ച കുട്ടികൾക്ക് ചികിത്സകളുടെയും ആശുപത്രി വാർഡുകളുടെയും ഇടുങ്ങിയ വെളിച്ചത്തിൽ നിന്ന് പ്രതീക്ഷയ്ക്കും ശുഭാപ്തിവിശ്വാസത്തിനുമുള്ള വിശാല ഇടം എങ്ങനെ നൽകാം എന്ന ചിന്തയാണ് താലയുടെ ഇന്നത്തെ ജീവിതരം,
വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിശ്ചയദാർഢ്യമുള്ള യുവാക്കളെ പരിചരിക്കുന്നതിനായി 2018-ൽ വാരിയേഴ്സ് അക്കാദമി സ്ഥാപിക്കാൻ താലയെ പ്രേരിപ്പിച്ച ഘടകമായിരുന്നു ഇത്. ഇന്ന്, ഡൗൺ സിൻഡ്രോമും ക്യാൻസറും ബാധിച്ച 200ൽ അധികം കുട്ടികളെ താല പരിചരിക്കുന്നു. 200 കുട്ടികളുടെ അമ്മയായി തല നെഞ്ചോട് ചേർത്തുവെയ്ക്കുന്നത് ഇത്തരം കുട്ടികളുടെ സ്വപ്നവും പ്രതീക്ഷയുമാണ്.
34 പെൺകുഞ്ഞുങ്ങളുടെ കൺകണ്ട ദൈവം ‘മാമാ ഫാത്തിയ’
30 വർഷം മുമ്പ് വിവാഹിതയാതാണ് ഫാത്തിയ. വിവാഹ ശേഷം കുട്ടികളുണ്ടാകാത്തതിനാൽ 2005ൽ അനാഥ പെൺകുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചു. ഒരു പെൺകുട്ടിയെ അല്ല ഇവർ ദത്തെടുത്തത്. 34 അനാഥ പെൺകുട്ടികളെയാണ് ഫാത്തിയ തന്റെ ജീവിതത്തോടൊപ്പം കൂട്ടിയത്.
പിന്നീട് ഫാത്തിയ തന്റെ ഭർത്താവിൻ്റെ സഹായത്തോടെ, ആരോരുമില്ലാത്തവരെ പരിചരിക്കുന്നതിനായി എ ടച്ച് ഓഫ് ഹോപ്പ് സൊസൈറ്റി സ്ഥാപിച്ചു. ഇത്രയും പെൺകുട്ടികളെ വളർത്തുന്നത് വെല്ലുവിളി നിറഞ്ഞ ഒരു ശ്രമമാണെന്ന് ഫാത്തിയയ്ക്ക് അറിയാമായിരുന്നു. അവരുടെ ജോലിക്ക് പുറമേ അനാഥരെ പരിചരിക്കുന്നതിനായി ഫാത്തിയയും ഭർത്താവും ഒരു ചാരിറ്റി ഹോസ്പിറ്റൽ സ്ഥാപിച്ചു, അത് അനാഥർക്കും നിശ്ചയദാർഢ്യമുള്ളവർക്കും സൗജന്യ ആരോഗ്യ സംരക്ഷണം നൽകി പോരുന്നു.