ദുബായ് എല്ലാവർക്കും ഒരു സ്വപ്ന നഗരമാണ്. മികച്ച ജീവിത നിലവാരം തന്നെയാണ് അതിനുള്ള പ്രധാന കാരണവും. ഇവിടെയെത്തിയാൽ സ്വന്തമായി ഒരു പ്രോപ്പർട്ടി വാങ്ങുക എന്നതും മിക്കവരുടെയും ആഗ്രഹമാണ്. എന്നാൽ നിലവിൽ ഇവിടെ സ്വന്തമായി സ്ഥലമോ വീടോ ഉള്ളവർ ഇപ്പോൾ അവ വിൽക്കാനുള്ള തിരക്കിലാണെന്നാണ് റിപ്പോൾട്ടുകൾ വ്യക്തമാക്കുന്നത്. അതിന്റെ കാരണമെന്താണെന്നല്ലേ?
ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ ഉയർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റെസിഡൻഷ്യൽ മാർക്കറ്റിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. വാങ്ങിയതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് പലരും സ്ഥലങ്ങൾ മറിച്ച് വിൽക്കുന്നത്. 2020ന് ശേഷമുള്ള കാലഘട്ടത്തിൽ ഈ മേഖലയിലെ അഭൂതപൂർവമായ ഡിമാന്റിനേത്തുടർന്ന് ദുബായിലെ പ്രോപ്പർട്ടി വിലകൾ ഒന്നിലധികം തവണയാണ് വർദ്ധിച്ചത്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണിയിൽ വിൽപ്പനക്കാർക്കുള്ള പ്രധാന നേട്ടങ്ങളിലൊന്ന് നിക്ഷേപത്തിൽ ലാഭകരമായ വരുമാനമാണ്. നിക്ഷേപകർ കൂടുതലായി ഈ മേഖലയിലേയ്ക്ക് എത്തുന്നതിനാൽ വരും വർഷങ്ങളിലും വളർച്ചാ നിരക്ക് വർധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 2014-ലായിരുന്നു ഇതിന് മുമ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച പ്രാപിച്ച വർഷം.