പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ ഉണ്ടായിരുന്ന സെന്റർ ഇത്തവണയും അനുവദിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു.
ദുബായ്, അബുദാബി, ഷാർജ എന്നിവയുൾപ്പെടെ മെഡിക്കൽ പരീക്ഷയ്ക്കായി 14 വിദേശ ടെസ്റ്റിംഗ് സെൻ്ററുകൾ ഉൾപ്പെടുത്തുമെന്ന് ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചതോടെ യുഎഇയിലെ ഇന്ത്യൻ രക്ഷിതാക്കൾക്ക് ആശ്വാസമായി.
ബഹ്റൈനിൽ മനാമയിലാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. യുഎഇയിൽ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാർജ നഗരങ്ങളിൽ പരീക്ഷക്ക് അപേക്ഷിക്കാം. ഖത്തർ (ദോഹ), കുവൈറ്റ് (കുവൈറ്റ് സിറ്റി), ഒമാൻ (മസ്കറ്റ്), സൗദി അറേബ്യ (റിയാദ്) എന്നീ ഗൾഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തായ്ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, നൈജീരിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരമുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ പുനരാരംഭിച്ചത് ഗൾഫിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമായി.