പ്രണയിതാക്കളുടെ ദിനമാണ് നാളെ. വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ദുബായിൽ പൂക്കളുടെ വിലയിൽ 30 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വാലൻ്റൈൻസ് ഡേയായ ഫെബ്രുവരി 14- എത്തുമ്പോൾ പൂക്കളുടെ വില വീണ്ടും കൂടിയേക്കും.
ഫെബ്രുവരി 14 ലേക്കുള്ള ആഘോഷം ഒരാഴ്ച മുൻപേ ആരംഭിക്കും. ഫെബ്രുവരി 7 ന് റോസ് ഡേ, ഫെബ്രുവരി 8 ന് പ്രൊപ്പോസ് ഡേ, ഫെബ്രുവരി 9 ന് ചോക്ലേറ്റ് ഡേ, ഫെബ്രുവരി 10 ന് ടെഡി ഡേ, ഫെബ്രുവരി 11 ന് പ്രോമിസ് ഡേ, ഫെബ്രുവരി 12 ന് ആലിംഗന ദിനം, ഫെബ്രുവരി 13 ന് ചുംബന ദിനം എന്നിവയാണ് പ്രണയത്തിൻ്റെ ഈ ഏഴ് ദിനങ്ങൾ. അതിനാൽ തന്നെ ഫെബ്രുവരി 7 മുതലേ പൂക്കളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകും, കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയ വിലക്കയറ്റമാണ് ഇപ്പോൾ 30 ശതമാനം വർദ്ധനവിൽ എത്തിയിരിക്കുന്നത്.
കെനിയ, ഇക്വഡോർ, എത്യോപ്യ, നെതർലാൻഡ്സ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ദുബായിലേക്ക് പൂക്കൾ സാധാരണയായി ഇറക്കുമതി ചെയ്യുന്നത്. ഈ പ്രദേശങ്ങൾ നിന്നുള്ള റോസാപ്പൂക്കൾ, താമരകൾ, ഓർക്കിഡുകൾ തുടങ്ങിയവ ഉയർന്ന നിലവാരമുള്ളതാണ്.
ഈ രാജ്യത്തെ പൂക്കൾ വാലൻ്റൈൻസ് ഡേ ക്രമീകരണങ്ങൾക്കുള്ള ജനപ്രിയ പൂക്കളാണ്. കൂടാതെ വെളുത്ത താമര, പിങ്ക് റോസ്, ടുലിപ്സ്, ഓർക്കിഡുകൾ, കാർണേഷൻ എന്നിവയും ജനപ്രിയ പൂക്കളാണ്. ഇവയൊക്കെയാണ് പൂവിപണിയിൽ ഡിമാന്റ് കൂടിയ താരങ്ങൾ.
പ്രണയിക്കുന്നവർക്ക് ഈ പ്രണയദിനത്തിലെ പൂവില ഒരു പ്രശ്നമേ അല്ല. എന്തുവില കൊടുത്തും പ്രണയദിനത്തിൽ പൂ വാങ്ങാൻ കാത്തിരിക്കുകയാണ് കമിതാക്കൾ!!!