സ്‌കൂളുകളിൽ വേനൽക്കാല അവധി പ്രഖ്യാപിച്ചിട്ടും നാട്ടിലേക്ക് പോകാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വിമാനക്കമ്പനികളുടെ ഉയർന്ന യാത്രാനിരക്കാണ് ഈ ആശങ്കയ്ക്ക് കാരണം. പ്രവാസ ലോകത്തെ ഉയർന്ന ജീവിത ചെലവുകളും പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചത് അടക്കമുള്ള പ്രശ്നങ്ങൾ പ്രവാസികളെ അലട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇടിത്തീ പോലെ വിമാനകമ്പനികൾ നിരക്ക് ഉയർത്തിയത്.
വേനൽക്കാല അവധിക്കാലത്ത് കാലങ്ങളായി തുടർന്ന് വരുന്ന വിമാനനിരക്കിലെ വർധനവ് പതിവ് തെറ്റിക്കാതെ ഇത്തവണയും വിമാനക്കമ്പനികൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. അതേസമയം കണ്ണൂരിൽ വിമാനത്താവളം ആരംഭിച്ചിട്ടും ബഹ്‌റൈനിലെ കണ്ണൂർ സ്വദേശികൾ അടക്കമുള്ള വടക്കേ മലബാറിലുള്ള പ്രവാസികൾ പലരും ഇതുവരെ കണ്ണൂരിൽ വിമാനമിറങ്ങിയിട്ടില്ല എന്നത് ആശ്ചര്യമാണ്.
ഇതിന് കാരണം കേരളത്തിലെ മറ്റേതു സെക്ടറിലേക്കും ഉള്ളതിനെക്കാളും ഉയർന്ന നിരക്കാണ് കണ്ണൂരിലേക്ക് എന്നതാണ്. കോഴിക്കോടോ, കൊച്ചിയിലോ വിമാനം ഇറങ്ങി ടാക്സി പിടിച്ചു പോയാലും അതായിരിക്കും കണ്ണൂരിലേക്കുള്ള വിമാനനിരക്കിനെക്കാൾ ലാഭകരമെന്നാണ് കണ്ണൂരുകാർ പറയുന്നത്. വിമാനത്താവളത്തിന് വളരെ അടുത്തുള്ള പ്രവാസിയായിട്ടു പോലും ഇതുവരെ അവിടേക്ക് പറന്നിറങ്ങാൻ സാധിച്ചിട്ടില്ലെന്നാണ് മട്ടന്നൂർ സ്വദേശിയായ ഒരു പ്രവാസിയുടെ ആത്മഗതം. വടക്കേ മലബാറിലുള്ളവർക്ക് വലിയ ഒരനുഗ്രഹം ആകുമെന്ന് കരുതിയിരുന്ന കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രാ നിരക്ക് കണ്ണൂരുകാരെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.