വാട്ടർ തീം പാർക്കോട് കൂടിയ ഏറ്റവും വലിയ മൃഗശാല ഒമാനിലെ ഇബ്രയിൽ ഒരുങ്ങുന്നു. രാജ്യത്തെ ടൂറിസം രംഗത്തെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും ഇതെന്ന് സ്വകാര്യ മൃഗശാലയുടെ പ്രമോട്ടർമാർ പറഞ്ഞു. സിംഹവും കടുവയും മുതൽ ആനയും മാനുകളും മറ്റു പക്ഷികളും ഉൾപ്പെടെ 300 ഓളം മൃഗങ്ങൾ പുതിയ മൃഗശാലയുടെ ആകർഷണമായിരിക്കും. 1,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കാനൊരുങ്ങുന്ന ഈ മൃഗശാലയിൽ വാട്ടർ തീം പാർക്കും കുടുംബങ്ങൾക്ക് സമ്പൂർണമായി ആസ്വദിക്കാൻ കഴിയുന്ന ഇടവും ഉണ്ടാവും.
അതേസമയം മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൃഗശാലയായിരിക്കും ഇബ്രയിലേതെന്ന് മൃഗശാലക്ക് തുടക്കമിട്ട വിഖൽഫാൻ ബിൻ സഈദ് അൽ മമാരി പറഞ്ഞു. കൂടാതെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഒമാനെ അടയാളപ്പെടുത്താനുള്ള പദ്ധതി ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ മാത്രമല്ല, ജിസിസി, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അപൂർവവും മനോഹരവുമായ നിരവധി മൃഗങ്ങളെ അൽ മമാരി ഇതിനോടകം തന്നെ മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്. ചീങ്കണ്ണികൾ, പക്ഷികൾ തുടങ്ങിയവയുടെ വലിയൊരു മൃഗങ്ങളുടെ നിരതന്നെ വിനോദസഞ്ചാരികൾ സന്ദർശകരെ ആകർഷിക്കാൻ മൃഗശാലയിൽ ഉണ്ടാവും.
ഭാവിയിൽ ആനയേയും മൃഗശാലയിൽ എത്തിക്കും. ഇതിന് വേണ്ടി ഇന്ത്യയിലെയും ആനകളുള്ള മറ്റു രാജ്യങ്ങളിലെയും ഏജൻസികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ വൈവിധ്യമാർന്ന മൃഗങ്ങളുടെ സങ്കേതമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ബർകയിൽ അഹമ്മദ് ബിൻ അബ്ദുൽ റഹീം അൽ ബലൂഷിയുടെ നേതൃത്വത്തിൽ അൽ നുമാൻ പാർക്ക് സ്ഥാപിച്ചിരുന്നു. സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, കുറുക്കന്മാർ, വിവിധ പാമ്പുകൾ, മുതലകൾ, കഴുതപ്പുലികൾ,നിരവധി ഇനം കുരങ്ങുകൾ, കുതിരകൾ, റാക്കൂണുകൾ, മാൻ, മറ്റ് മൃഗങ്ങൾ എന്നിവയും ഈ പാർക്കിലുണ്ട്.