ഏഷ്യാ കപ്പ് ക്രിക്കറ്റ് പടയൊരുക്കത്തിനായി ടീം ഇന്ത്യ ദുബായിലെത്തി. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി ഉള്‍പ്പടെ സീനിയര്‍ താരങ്ങളാണ് ആദ്യം എത്തിയത്. കുടുംബത്തേയും ഒപ്പം കൂട്ടിയാണ് കോലി യുഎഇയില്‍ എത്തിയത്. സിംബാവേയിലെ മത്സരങ്ങൾക്ക് ശേഷം ടീം അംഗങ്ങളായ കെ.എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ദീപക് ഹൂഡ എന്നിവരും ദുബായില്‍ എത്തിച്ചേര്‍ന്നു.
ആഗസ്റ്റ് 28ന് ഞായറാഴ്ച പാകിസ്ഥാനുമായാണ് ഇന്ത്യുടെ ആദ്യ മത്സരം ദുബായില്‍ നടക്കുക. മത്സരത്തിന് മുമ്പുളള മൂന്ന് ദിവസങ്ങളിലും ടീം പരിശീലനത്തിന് ഇറങ്ങും. അതേസമയം കോവിഡ് ബാധിതനായ കോച്ച് രാഹുല്‍ ദ്രാവിഡിന് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല. ദ്രാവിഡിന്‍റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണന്‍ ഇന്ത്യയെ പരിശീലിപ്പിക്കും.
ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് തന്നെ ആരാധകരുടെ വാശി ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ട്വന്‍റ-20 ലോകകപ്പിലെ പരാജയത്തിന് അതേ വേദിയില്‍ ടീം ഇന്ത്യ പാകിസ്ഥാനോട് കണക്കുചോദിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനകം തന്നെ മത്സരത്തിന്‍റെ ടിക്കറ്റുകൾ വിറ്റഴിഞ്ഞുകഴിഞ്ഞു.
അതേസമയം ഇന്ത്യന്‍ താരം വിറാട് കോലിയുടെ ഫോം നഷ്ടം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ഏഷ്യാകപ്പില്‍ കോലിയും പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം കോലിക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാന്‍ കഴിയാഞ്ഞത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതോടെ അടുത്ത ട്വന്‍റി-20 ലോകക്കപ്പില്‍ കോലിയുടെ സ്ഥാനത്തിനും ഉലച്ചില്‍ തട്ടിയിട്ടുണ്ട്.
രോഹിത് ശര്‍മ്മ കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ തന്നെയാകും ഇന്ത്യന്‍ ബാറ്റിഗ് നിരയെ നയിക്കുക. ഋഷഭ് പന്തും ദിനേശ് കാര്‍ത്തികും വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓൾ റൗണ്ട് മികവ് പുറത്തെടുക്കുമ്പോൾ സ്പിന്നല്‍ ആര്‍ അശ്വിന്‍ ബൗളിംഗിന് നേതൃത്വം നല്‍കും. യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരും ടീമിലുണ്ട്.