കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന പദ്ധതികൾക്കായി 8,440 കോടി വകയിരുത്തുന്ന ബജറ്റിന് അംഗീകാരം നൽകി യുഎഇ എണ്ണക്കമ്പനിയായ അഡ്നോക്. കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികളും പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് ബജറ്റ് വിഹിതം ഉപയോഗിക്കുക. കമ്പനി ചെയർമാൻ കൂടിയായ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
അടുത്ത അഞ്ച് വർഷത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് 178 ശതകോടി സംഭാവന ചെയ്യുന്നതാണ് കമ്പനി അംഗീകരിച്ച പദ്ധതികൾ. കമ്പനിയുടെ യുഎഇയിലും പുറത്തുമുള്ള കാർബൺ നിയന്ത്രണ സംവിധാനങ്ങളിലെ നിക്ഷേപവും ബജറ്റിൽ ഉൾപ്പെടും. കമ്പനിയുടെ കാർബൺ കാപ്ചർ ആന്റ് സ്റ്റോറേജ് കപ്പാസിറ്റി വർഷത്തിൽ ഒരു കോടി ടൺ ആയി വർധിപ്പിക്കാനും തീരുമാനിച്ചു.
യുഎഇയിലെ കാർബൺ പുറന്തള്ളൽ 2045ഓടെ പൂജ്യത്തിലെത്തിക്കുമെന്ന് അഡ്നോക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പുനരുപയോഗ ഇന്ധനത്തിൽ നിക്ഷേപം വർധിപ്പിച്ചും, കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ പര്യാപ്തമായ സാങ്കേതിക വിദ്യകൾ സ്വീകരിച്ചും കണ്ടൽചെടികൾ നട്ടുവളർത്തിയുമാണ് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയെന്നാണ് അഡ്നോക്ക് വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് ഇപ്പോൾ ബജറ്റിന് അംഗീകാരം നൽകിയത്.