ഇന്ത്യക്കാർക്കായുള്ള പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാസ്പോർട്ട് സേവനങ്ങൾ നടത്തുന്ന ബി.എൽ.എസ് കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ ലളിതമാക്കി സാധാരണക്കാരായ ഇന്ത്യക്കാർക്ക് സഹായകരമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ (ഐ.ആർ.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
പാസ്പോർട്ട് പുതുക്കൽ, കൂട്ടിച്ചേർക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആവശ്യമായ രേഖകൾ കുറവാണെങ്കിൽ അടുത്ത ദിവസം രേഖകളുമായെത്തുന്നവർക്ക് മുൻഗണന നൽകുമെന്നും അതിനായി വീണ്ടും ടോക്കണെടുത്ത് കാത്തുനിൽക്കേണ്ടിവരില്ലെന്നും മന്ത്രി
പ്രവാസികൾക്ക് ഉറപ്പുനൽകി.
ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി പാസ്പോർട്ട് സേവനകേന്ദ്രത്തിലെത്തിയാൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ബി.എൽ.എസ് അധികൃതർ ഇടപെടണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ, പാസ്പോർട്ട് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന് ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കുന്നതിനായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവനെ അദ്ദേഹം ചുമതലപ്പെടുത്തി.