മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1991 മുതൽ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു.
14 വർഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം. കെപിസിസി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്.