ദുബായിൽ റോഡരികിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആർ.ടി.എയുടെ അനുമതി നിർബന്ധമാക്കി. താമസ കെട്ടിടങ്ങൾക്ക് മുന്നിലെ റോഡുകളോട് ചേർന്ന് സ്വകാര്യ വ്യക്തികൾ താൽക്കാലികമായി നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ആർടിഎയുടെ മുൻകൂർ അനുമതി നേടണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആർ.ടി.എ അറിയിച്ചു.
ഭൂഗർഭജലം വലിച്ചടുക്കൽ, കെട്ടിട നിർമ്മാണം, കെട്ടിടം തകർക്കൽ, റോഡിന്റെ ഏതെങ്കിലും ഭാഗം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കൽ, കെട്ടിടങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രത്യേക വഴി വെട്ടൽ, താൽക്കാലിക ഭിത്തി സ്ഥാപിക്കുക, ടെന്റുകൾ നിർമ്മിക്കുക, നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുക, ടൈലുകൾ മാറ്റുക, വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ അനുമിതിയല്ലാതെ നടത്തിയാൽ നടപടി സ്വീകരിക്കുമെന്നാണ് ആർടിഎ അറിയിച്ചത്.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് വീടുകളോട് ചേർന്ന് പന്തൽ നിർമ്മിക്കുമ്പോൾ പ്രത്യേകം അനുമതി നേടണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിർദേശത്തിലുണ്ട്. നിർമ്മാണ സൈറ്റുകളിലെ വസ്‌തുക്കൾ റോഡിലേക്ക് ഇറക്കി വെയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ ഫൂട്പാത്ത് നവീകരണത്തിനും പെർമിറ്റ് നേടണമെന്ന് ആർ.ടി.എ വ്യക്തമാക്കി.