ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. സ്കൂൾ കലോത്സവത്തിന് ഇന്നും പത്തരമാറ്റാണ്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നൽകുന്ന പതിവുണ്ടായിരുന്നു. 1986-ൽ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതാരംഭിച്ചത്.
2006-ലെ കലോത്സവം മുതൽ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങൾ നൽകുന്ന പതിവ് ഉപേക്ഷിച്ചു. തിലക പ്രതിഭാ പട്ടങ്ങൾ ഉണ്ടായിരുന്നപ്പോൾ അവസാന ദിവസം ആവേശം വാനോളമായിരുന്നു. ആരാണ് തിലകവും പ്രതിഭയും എന്നറിയാൻ. തിലകത്തെയും പ്രതിഭയയും സിനിമാ മേഖല ശ്രദ്ധിക്കുന്ന ഒരു കാലവും കടന്നുപോയി.
മുൻ കാല പ്രതിഭകൾ
ഓരോ വർഷവും കലോത്സവം വരുമ്പോൾ പലരും തങ്ങളുടെ ഓർമ്മകൾ പുതുക്കാറുണ്ട്. അക്കൂട്ടത്തിൽ ഇടം നേടുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ ചിത്രവും. 1992ൽ തിരൂരിൽ നടന്ന കലോത്സവത്തിൽ നിന്നുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോണോആക്ടിൽ ഒന്നാം സ്ഥാനമാണ് അന്ന് വീണാ ജോർജ്ജ് കരസ്ഥമാക്കിയത്.
കലോത്സവത്തിലൂടെ എത്തി സിനിമാ മേഖലയിൽ ചുവടുറപ്പിച്ച പ്രതിഭകളും ധാരാളമുണ്ട്. മഞ്ജുവാര്യർ, നവ്യ നായർ, അമ്പിളി ദേവി എന്നിവ കലോത്സവത്തിലൂടെ സിനിമയിലേക്ക് എത്തിയവരാണ്. സ്കൂൾ കാലഘട്ടത്തിൽ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള മഞ്ജു രണ്ട് തവണയാണ് കലാതിലകമായത്. 1992ൽ തിരൂരിലും 1995ൽ കണ്ണൂരിലും നടന്ന കലോത്സവത്തിലും മഞ്ജുവായിരുന്നു കലാതിലകം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി നൃത്ത ഇനങ്ങളിൽ കഴിവ് തെളിയിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിരുന്നു.
2001ലായിരുന്നു നടി അമ്പിളി ദേവി കലാതിലകമായത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളിലാണ് അമ്പിളി ദേവി തന്റെ കഴിവ് തെളിയിച്ചത്. 2000, 2001 വർഷങ്ങളിൽ കലോത്സവേദികളിലൂടെയാണ് നവ്യ നായർ ശ്രദ്ധേയയാവുന്നത്. ഓരോ സ്‌കൂൾ കലോത്സവം വരുമ്പോഴും നവ്യാ നായരുടെ ഒരു വീഡിയോ ശ്രദ്ധ നേടാറുണ്ട്, 2000ൽ തൊടുപ്പുഴയിൽ നടന്ന കലോത്സവത്തിൽ തലനാരിഴക്കാണ് നവ്യക്ക് കലാതിലക പട്ടം നഷ്ടമായത്. അന്ന് കരഞ്ഞ് കൊണ്ട് വേദി വിട്ടിറങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും ഇന്നും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽപ്പുണ്ട്.
പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ എത്രയോ പേരാണ് കലോത്സവങ്ങളിൽ മിന്നി മാഞ്ഞ് പോയത്. ചുരുക്കം ചില പ്രതിഭകളെ മാത്രമാണ് ഇന്നും മലയാളികൾ അറിയുന്നത്.
ഒരു റീൽ മതി ജീവിതം മാറിമറിയാൻ
കലോത്സവത്തിലൂടെ തങ്ങളുടെ കഴിവുകൾ പുറം ലോകത്തെ അറിയിച്ചിരുന്ന പ്രതിഭകൾക്ക് ഇന്ന് നിരവധി അവസരങ്ങളാണ് വന്നു ചേർന്നിരിക്കുന്നത്. ഒരു റീൽ മതി അവരുടെ ജീവിതം മാറി മറിയാൻ. ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് റിലീലൂടെ എത്രയോ പേരാണ് വൈറലാകുന്നത്. ഓരോ കാലഘട്ടത്തിലും അതിന്റേതായ ടെക്നോളജി എത്തിച്ചേരുമ്പോൾ പിള്ളേരൊക്കെ വൈറലായി പാറി നടക്കുകയാണ്.