പുതുവത്സര അവധിയുമായി ബന്ധപ്പെട്ട് അബുദാബിയിൽ സൗജന്യ പാർക്കിംഗും ടോളും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024 ജനുവരി ഒന്ന് തിങ്കളാഴ്ച പാർക്കിംഗും ഡാർബ് ടോൾ ഗേറ്റും സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചു. കൂടാതെ ജനുവരി രണ്ട് ചൊവ്വാഴ്ച്ച രാവിലെ 7.59 വരെ മവാഖിഫും ( സർഫേസ് പാർക്കിംഗ്) സൗജന്യമായിരിക്കും. മുസ്സഫ എം-18 ട്രക്ക് പാർക്കിംഗ് ലോട്ടിലും പാർക്കിംഗ് സൗജന്യമാണ്.
അതേസമയം ടോൾ ഗേറ്റുകളിലേയും പാർക്കിങ്ങിന്റെയും ഫീസ് ജനുവരി രണ്ട് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. മാത്രമല്ല, നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്നും വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അതോറിറ്റി അറിയിച്ചു. രാത്രി ഒൻപത് മണി മുതൽ രാവിലെ എട്ട് മണി വരെ ജനവാസ കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.