നടൻ നെപ്പോളിയന്റെ അറുപതാം പിറന്നാളിന് ഭാര്യ ജയസുധ നൽകിയ സർപ്രൈസ് വൈറലാവുന്നു. നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ പ്രിയതമന്റെ പിറന്നാൾ ദിവസം ധരിച്ചത്. ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആണ്. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിലാണ് തുന്നിച്ചേർത്തിരിക്കുന്നത്. കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെ സാരിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. പ്യുവർ ഗോൾഡ് ജെറി വർക്കിൽ ആണ് സാരി നെയ്തിരിക്കുന്നത്. നെപ്പോളിയന്റെ കഥാപാത്രങ്ങളെല്ലാം ഒത്തുചേർന്ന സാരി ആരാധകർക്ക് ഏറെ വിസ്മയമുണ്ടാക്കി.
അടുത്തിടെയാണ് അറുപതാം പിറന്നാൾ കഴിഞ്ഞ താരത്തിന്റെ പിറന്നാൾ കുടുംബവും ആരാധകരും ആഘോഷമാക്കിയിരുന്നു. നെപ്പോളിയന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഹിറ്റ് കഥാപാത്രങ്ങൾ കൂടി ആഘോഷിക്കണമെന്ന ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ഈ സാരി നെയ്തതെന്ന് ഇയ്‌ല ഡിസൈൻസ് ലറിയിച്. ഈ അവസരം തങ്ങൾക്ക് ലഭിച്ചതിനുള്ള നന്ദിയും അവർ രേഖപ്പെടുത്തി.
മലയാളികൾക്ക് നെപ്പോളിയൻ എന്ന് കേട്ടാൽ ആദ്യം ഓർമ വരിക മുണ്ടക്കൽ ശേഖരനെന്ന കഥാപാത്രത്തെയാണ്. രണ്ടു ജന്മികളുടെ കുടിപ്പകയുടെ കഥപറയുന്ന ദേവാസുരം സൂപ്പർ താരം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ സിനിമകളിൽ ഒന്നായിരുന്നു. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായപ്പോൾ മുണ്ടയ്ക്കൽ ശേഖരനായത് തമിഴ് താരം നെപ്പോളിയൻ. നീലകണ്ഠനെ പോലെ തന്നെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് മുണ്ടക്കൽ ശേഖരൻ.
നെപ്പോളിയൻ ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. പതിനാല് വർഷങ്ങൾക്ക് മുൻപ് മകൻ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് താരവും കുടുംബവും അമേരിക്കയിലെത്തിയത്. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ് താരത്തിന്റെ മകൻ. കുടുംബസമേതം യുഎസിലേക്കു താമസം മാറിയ താരം പിന്നീട് അവിടെ സ്വന്തമായി വീട് വാങ്ങി സ്ഥിര താമസമാവുകയായിരുന്നു. കൂടാതെ മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ കൂടി പ്രശസ്തനായ നെപ്പോളിയൻ ഇപ്പോൾ 300 ഏക്കർ വരുന്ന കൃഷിയിടത്തിൽ പച്ചക്കറിക്കൃഷിയും പശു ഫാമും വൈൻ ഉൽപാദനവുമൊക്കെയായി ജീവിതം നയിക്കുകയാണ്.