ഒമാനിലെ സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. മൂന്ന് മാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് സുൽത്താൻ ഹൈതം സിറ്റി നിർമ്മിക്കുന്നത്.
സ്ട്രാബാഗ് ഒമാൻ കമ്പനിയുമായുമായാണ് നഗരാസൂത്രണ മന്ത്രാലയം ആദ്യഘട്ട പ്രവർത്തനങ്ങളുടെ കരാറിൽ ഒപ്പുവെച്ചത്. സുൽത്താൻ ഹൈതം സിറ്റിയിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുക, വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുക, സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഏഴ് ദശലക്ഷം റിയാലിൻ്റെ കരാറിലാണ് ഒപ്പിട്ടത്.
ആധുനിക സൗകര്യങ്ങളോടെയുള്ള സുൽത്താൻ ഹൈതം സിറ്റി സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ സെൻട്രൽ പാർക്ക് സ്ഥാപിക്കൽ, മൊത്തം 35 കിലോമീറ്റർ വിസ്തൃതിയിൽ മറ്റ് ഘടകങ്ങൾ ഒരുക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുക.