യുഎഇയില്‍ സ്കൂളുകൾ തുറക്കാന്‍ ദിവസങ്ങൾ മാത്രമാണ് ബാക്കി. സെപ്റ്റംബര്‍ ആദ്യമുതല്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുകയാണ്. അതെസമയം വിദ്യാഭ്യാസ ചിലവേറിയതോടെ പുതിയ വഴികൾ തേടുകയാണ് മാതാപിതാക്കൾ.
പഴയത് ആയാലും മതി
സ്കൂൾ ഫീസ്, ബസ് ഫീസ്, എന്നിവയ്ക്ക് പുറമെ യൂണിഫോമും പുസ്തകങ്ങളും സ്‌പോർട്‌സ് കിറ്റുകളും കൂടിയാകുമ്പോൾ വലിയൊരു തുക ചിലവുവരും. പഴയ പാഠ പുസ്തകങ്ങളും യൂണിഫോമുകളും കിറ്റുകളും സംഘടിപ്പിച്ച് കാര്യം കാണാനാണ് പലരുടേയും നീക്കം.
ഇതിനായി ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ പരതുകയാണ് നിരവധിപ്പേര്‍. ആവശ്യക്കാരേറിയതോടെ ഇത്തരം ഓണ്‍ലൈന്‍ കമ്യൂണിറ്റികളും സജീവമായി. കുറഞ്ഞ വിലയില്‍ പഴയ പാഠപുസ്തകങ്ങൾ കൈമാറ്റം ചെയ്യാനും ചിലര്‍ തയ്യാറാണ്. സെക്കന്‍ഡ് ഹാന്‍ഡ് യൂണിഫോം ലഭ്യമാകുന്ന ഇടങ്ങളിലും ആവശ്യക്കാര്‍ ഏറെ.
സ്കൂൾ വിപണി ഉണര്‍ന്നു
സ്കൂൾ വിപണിയും സജീവമാണ്. കുടുംബമായെത്തിയാണ് കുട്ടികൾക്കായി സാധനങ്ങൾ വാങ്ങുന്നത്. ബുക്കു സ്റ്റാളുകളിലും ഓഫര്‍ ഷോപ്പുകളിലും തിരക്കേറെയാണ്. അമ്പത് ശതമാനം വരെ വിലക്കുറവില്‍ സ്കൂൾ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ഷോപ്പുകളും ആരംഭിച്ചുകഴിഞ്ഞു. മാളുകളിലും സ്കൂൾ വിപണി കേന്ദ്രീകരിച്ച് സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്.
ചിലവ് താങ്ങാവുന്നതിനും അപ്പുറം
നാട്ടിലായാലും വിദേശത്തായാലും വിദ്യാഭ്യാസ ചിലവ് ഭാരിച്ച ഉത്തരവാദിത്വമാണ്. സ്കൂൾ ബാഗ്, വാട്ടര്‍ ബോട്ടില്‍, ഷൂസ് തുടങ്ങി നീണ്ടനിര വസ്തുക്കൾ തന്നെ സംഘടിപ്പിക്കേണ്ടതുണ്ട്. സ്കൂൾ ബസ് ഒഴിവാക്കി സ്വന്തം വാഹനത്തിലെത്തിച്ചും റെസ്റ്റോറന്‍റ് ഭക്ഷണവും പാഴ്സലുകളും ഒഴിവാക്കി വീട്ടില്‍ പാചകം ചെയ്തും ചെലവ് ചുരുക്കാന്‍ ജോലിത്തിരക്കിനിടയിലും കഷ്ടപ്പെടുതയാണ് പ്രവാസി രക്ഷിതാക്കൾ. മികച്ച വിദ്യാഭ്യാസമാണ് യുഎഇയില്‍ ലഭ്യമാകുന്നതെങ്കിലും ചിലവേറുന്നത് സാധാരണ പ്രവാസി മാതാപിതക്കളുടെ പോക്കറ്റിന് താങ്ങാവുന്നതിനും അപ്പുറമാണ്.