ദുബായിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് കാലാവസ്ഥാ ഉച്ചകോടി അംഗീകാരം നൽകി. കോപ്പിന്റെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫോസിൽ ഇന്ധനം പടിപടിയായി കുറയ്ക്കുന്ന കാര്യത്തിൽ അംഗ രാജ്യങ്ങൾക്കിടയിൽ അഭിപ്രായ സമന്വയമായത്. യൂറോപ്യൻ യൂണിയൻ ഉൾപ്പടെ 197 രാജ്യങ്ങൾ ഉടമ്പടി അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ പുതിയ ഉടമ്പടി സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.
2050 ഓടെ അന്തരീക്ഷ മലിനീകരണം പൂജ്യത്തിൽ എത്തിക്കാനായി ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പരിവർത്തനം നടത്തണമെന്ന പ്രമേയമാണ് അംഗീകരിച്ചത്. ഫോസിൽ ഇന്ധന ഉപഭോഗത്തിൽ നിന്ന് സുസ്ഥിര ഊർജ ഉപഭോഗം വികസിപ്പിക്കുന്നതിന് ലോകവ്യാപകമായി ഉടമ്പടി സഹായിക്കും.
യുഎഇ ഉടമ്പടി എന്നാകും ഇത് അറിയപ്പെടുക. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിയന്ത്രിച്ചു നിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 2050 നുള്ളിൽ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ചരിത്രപരമായ ചുവടു വയ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നേറ്റം ആണിത്. 2030 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം 43 ശതമാനം കുറയ്ക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യും.