ക്രിസ്മസ് -പുതുവത്സര സീസണ് തുടക്കമായതോടെ നാട്ടിലെത്തിഅവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ. എന്നാൽ ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള-ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധനവുണ്ടായിരിക്കുകയാണ്. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വലിയ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇതോടെ പ്രവാസികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. ഇതോടെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ഡിസംബർ മൂന്നാം വാരം മുതൽ ജനുവരി രണ്ടാം വാരം വരെയാണ് ഗൾഫിൽ സ്കൂളുകൾക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ പതിനായിരത്തിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സരദിനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിൽ 75,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. നിലവിൽ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിന് പുതുവത്സര ദിനത്തിൽ 1,61,213 രൂപ നൽകേണ്ടി വരും.
മാത്രമല്ല, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ സ്ഥിതിയിലും വ്യത്യസ്തമല്ല. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് നിലവിൽ ഇത്തിഹാദിൽ 26,417 രൂപയ്ക്ക് യാത്ര ചെയ്യാം. എന്നാൽ ക്രിസ്മസ്-പുതുവത്സര സീസണിൽ യാത്രക്കാർ 50,000 രൂപ നൽകണം. 4 അംഗങ്ങളുള്ള കുടുംബത്തിന് ദുബായിൽ നിന്ന് നാട്ടിലെത്താൻ 2,00,000 രൂപ ടിക്കറ്റ് ഇനത്തിൽ ചെലവാകുമെന്നാണ് വിലയിരുത്തുന്നത്.