ഗാസ മുനമ്പിന് താഴെയുള്ള ഹമാസ് നിർമ്മിത തുരങ്കങ്ങളിൽ കടൽവെള്ളം കയറ്റാനുളള നീക്കവുമായി ഇസ്രായേൽ. തുരങ്കങ്ങളിൽ വെള്ളമെത്തിക്കാൻ ഉപയോഗിച്ചേക്കാവുന്ന വലിയ പമ്പുകൾ ഇസ്രായേൽ ശേഖരിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് ഏകദേശം ഒരു മൈൽ വടക്ക് ഭാഗത്തേക്ക് കുറഞ്ഞത് അഞ്ച് പമ്പുകളെങ്കിലും ഇസ്രായേൽ സൈന്യം സജ്ജീകരിച്ചതായാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ ആയിരക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുളള മോട്ടോറുകളാണിത്. തുരങ്കങ്ങൾ പ്രവർത്തന രഹിതമാക്കുന്നതിനുളള വഴികൾ രാജ്യം പര്യവേക്ഷണം ചെയ്യുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക പദ്ധതിയെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് തയ്യാറായില്ലെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നതിന് മുമ്പ് ഇസ്രായേൽ ഈ നീക്കം നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.സുരക്ഷിത സ്ഥലങ്ങളിലും തുരങ്കങ്ങളിലും ഇസ്രായേൽ തടവുകാരെ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. പുതിയ നീക്കങ്ങൾ സംബന്ധിച്ച് അമേരിക്കയെ ധരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.