നടൻ രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും വിവാഹിതരായി. ലിൻ ലൈഷ്റാം നിരവധി ഹിന്ദി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നസിറുദ്ദീൻ ഷായുടെ ഡ്രാമ ഗ്രൂപ്പിൽ ഒന്നിച്ച് പ്രവർത്തിച്ച രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും ഇവിടെ വച്ചാണ് പ്രണയത്തിലായത്. അടുത്തിടെയാണ് ഇരുവരും ഈ ബന്ധം പരസ്യമാക്കിയത്.
മെയ്തേയ് ആചാര പ്രകാരം ഇംഫാലിൽ വെച്ചാണ് വിവാഹം നടന്നത്. മണിപ്പൂരിലെ ഇംഫാലിലെ ചുംതാങ് ഷണാപ്പുങ് റിസോർട്ടിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന വിവാഹ ചടങ്ങ് നടന്നത്. അടുത്തിടെ മണിപ്പൂരി രീതിയിൽ നവംബർ 29ന് താൻ വിവാഹിതനാകുമെന്ന് രൺദീപ് ഹൂഡ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിരുന്നു.
പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരൻറെ വെള്ള വസ്ത്രത്തിലാണ് ഹൂഡ എത്തിയത്. പരമ്പരാഗത മണിപ്പൂരി വധുവിന്റെ വേഷം ധരിച്ചായിരുന്നു ലിൻ ചടങ്ങിന് എത്തിയത്.വെള്ള ഷാൾ രൺദീപ് ധരിച്ചിരുന്നു. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിൻ ധരിച്ചിരുന്നത്. വിവാഹത്തിന് മുൻപ് രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും കുടുംബസമേതം മൊയ്റംഗ് ലംഖായിയിലെ ദുരിതാശ്വാസ ക്യാമ്പിലും സേന്ദ്ര ടൂറിസ്റ്റ് റിസോർട്ടിലും സന്ദർശനം നടത്തിയിരുന്നു.