യുഎഇ പുതിയ പടക്കപ്പലായ ‘ബനിയാസ് പി 110’ നീറ്റിലിറക്കി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദാണ് ബനിയാസ് പി 110-നെ നാവികസേനയിലേക്ക് ചേർത്തത്.
കോർവെറ്റ് വിഭാഗത്തിൽപ്പെടുന്ന ബനിയാസ് പി 110-ന്റെ കൊടിമരത്തിൽ ഷെയ്ഖ് മൻസൂർ ദേശീയ പതാക ഉയർത്തി. ഉന്നത നാവിക സേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അദ്ദേഹം കപ്പലിൽ പര്യടനം നടത്തി.
ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പാണ് യുഎഇക്ക് വേണ്ടി പുതിയ പടക്കപ്പൽ നിർമ്മിച്ചത്. സായുധസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഈസ സെയ്ഫ് മുഹമ്മദ് അൽ മസ്റൂയി, നാവിക സേനാ കമാൻഡർ മേജർ ജനറൽ പൈലറ്റ് ഷെയ്ഖ് സയീദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.