യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഡിസംബർ മാസം മുഴുവൻ റാസൽഖൈമയിലെ പൊതു പിഴകളിൽ 50 ശതമാനം ഇളവ് നൽകുമെന്ന് പൊതു സേവന വകുപ്പ് അറിയിച്ചു. ദേശീയ ദിനത്തിൽ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സന്തോഷം പകരുന്നതിന് വേണ്ടിയുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭമെന്ന് റാസൽഖൈമ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഖാലിദ് ഫദൽ അൽ അലി പറഞ്ഞു.
കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കുന്നതിന് താമസക്കാരെ പ്രോത്സാഹിപ്പിക്കും. വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ ഇളവുള്ള പിഴകൾ ലക്ഷ്യമിടുന്നത്.
ഇളവ് നൽകുന്നതിലൂടെ താമസക്കാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക,സമൂഹത്തിന്റെ ആകെയുള്ള വികസനത്തിന് സംഭാവന നൽകുക എന്നീ കാര്യങ്ങളാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പിഴകളിൽ 50% ഇളവ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്താനും അതോറിറ്റി വ്യക്തികളോട് അഭ്യർത്ഥിച്ചു.