യുഎഇയുടെ റഡാർ സാറ്റലൈറ്റ് പദ്ധതിയായ ‘സിർബ്’ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമും ചേർന്നാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
പദ്ധതിയുടെ ലക്ഷ്യങ്ങളെപറ്റിയും സാറ്റലൈറ്റ് പ്രോഗ്രാം വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും ഇരുഭരണാധികാരികളും ചർച്ച നടത്തി. 2026ഓടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവലോകനം ചെയ്തു.കാലാവസ്ഥ വ്യതിയാനം, ഭൂമിയുടെ ഉപരിതല മാറ്റങ്ങൾ എന്നിവ വിലയിരുത്തുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും സാധിക്കുന്ന വിധമാണ് സാറ്റലൈറ്റ് രൂപകൽപ്പന. മൂന്ന് സിന്തറ്റിക് അപ്പേർച്ചർ റഡാറുകളാണ് വികസിപ്പിക്കുക. നഗരവികസനത്തിനും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനും പുതിയ ഉപഗ്രഹത്തിൻ്റെ സഹായം തേടാം.
ഉപഗ്രഹം വികസിപ്പിക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജൻസി ഒരു വ്യവസായിക കൺസോർഷ്യവും രൂപവത്കരിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ വാണിജ്യവത്ക്കരണവും ഡാറ്റാ അനാലിസിസുമാണ് സിർബ് പ്രോഗ്രാമിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സാറ്റ് ലൈറ്റ് നിർമ്മാണ രംഗത്ത് യു.എ.ഇയെ ആഗോള ഹബ്ബായി മാറ്റാനാണ് മറ്റൊരു നീക്കം. ഇതിനായി പ്രാദേശിക വിദഗ്ധരെ വർധിപ്പിക്കുമെന്ന് ചടങ്ങിൽ അബുദാബി കിരീടാവകാശി പറഞ്ഞു. രാജ്യത്തിൻ്റെ ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു വഴിതിരിവാണ് ‘സിർബ്’പദ്ധതിയെന്ന് ദുബായ് കിരീടാവകാശിയും സൂചിപ്പിച്ചു.
ദേശീയ അന്തർദേശീയ തലങ്ങളിൽ ഉപ്രകൃതി ദുരന്ത നിവാരണവും മാപ്പിംഗും വരെയുള്ള വൈവിധ്യമാർന്ന ശാസ്ത്രീയവും വാണിജ്യപരവുമായ ആപ്ലിക്കേഷനുകളേയും പിന്തുണയ്ക്കും.