രണ്ടാമത് സൗദി ദേശീയ ഗെയിംസിന് നവംബർ 26-ന് തുടക്കമാവും. റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് സൗദി ദേശീയ ഗെയിംസിന് കൊടിയേറുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ദീപശിഖ തെളിയിക്കൽ, കായികതാരങ്ങളുടെ മാർച്ച് പാസ്‌റ്റ്, കലാപരിപാടികൾ, കരിമരുന്ന് പ്രയോഗം തുടങ്ങിയവ അരങ്ങേറും. ഡിസംബർ 10-നാണ് ഗെയിംസ് അവസാനിക്കുക.
53-ലധികം ഇനങ്ങളിലായി 6,000-ത്തിലധികം കായികതാരങ്ങളാണ് പുരുഷ-വനിത വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. 31 സ്ഥലങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടത്തപ്പെടുക. ഉദ്ഘാടന ചടങ്ങുകൾ നേരിട്ടുകാണുന്നതിനായി പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. 35 റിയാൽ നിരക്കിൽ Tickets.saudigames.sa. വെബ്സൈറ്റിൽ നിന്ന് പ്രവേശന ടിക്കറ്റ് ലഭ്യമാകുമെന്നും ദേശീയ ഗെയിംസ് സംഘാടക സമിതി അറിയിച്ചു.
ദേശീയ ഗെയിംസിന് മുന്നോടിയായി കായികതാരങ്ങളും പ്രമുഖരും പങ്കെടുക്കുന്ന ദീപശിഖാപ്രയാണം രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ തുടരുകയാണ്. സൗദി ദേശീയ ഗെയിംസിന്റെ സന്ദേശവുമായി 3,500ലധികം കിലോമീറ്ററാണ് ദീപശിഖാപ്രയാണം നടക്കുന്നത്.