ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി. മൂന്ന് റൗണ്ട് ആധിപത്യത്തോടെ ദ്രൗപദി മുർമു മുന്നേറ്റം നടത്തി. ഇതോടെ ആദിവാസി വിഭാഗത്തിൽ നിന്നുളള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുർമു.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ വോട്ടുമൂല്യത്തിൽ ദ്രൗപദി മുർമു കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. മൂന്നു റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ മുർമുവിന്റെ വോട്ട് മൂല്യം 5,77,777 ആണ്. പ്രതിപക്ഷനിരയിലെ 17 എം പിമാർ ദ്രൗപദി മുർമുവിന് വോട്ടുചെയ്തതായാണ് വിവരം. നിയുക്ത രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ അഭിനന്ദിച്ചു.
രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വൻ ലീഡ് നേടിയ മുർമുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണയാണ്. വോട്ട് മൂല്യം 4,83,299. യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണയാണ്. വോട്ട് മൂല്യം 1,89,876. അദ്യ റൗണ്ടിൽ പാർലമെന്റ് അംഗങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 540 പേരുടെയും യശ്വന്ത് സിൻഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചിരുന്നു. 15 എംപിമാരുടെ വോട്ട് അസാധുവാകുകയും ചെയ്തു. മുർമുവിന് ലഭിച്ച വോട്ടിന്റെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടിന്റെ മൂല്യം 1,45,600 ആണ്. ആദ്യ റൗണ്ടിൽ 72.19 ശതമാനം വോട്ട് മുർമു നേടി. ബിജെപിക്കും സഖ്യകക്ഷികൾക്കും പുറമേ പ്രതിപക്ഷത്തെ ചില പാർട്ടികളുടെയും പിന്തുണ ദ്രൗപദി മുർമുവിന് ലഭിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുക.
ആരാണ് ദ്രൗപദി മുർമു?
മയൂർബഞ്ചിലെ കുഗ്രാമത്തിൽ നിന്ന് രാഷ്ട്രപതിയുടെ വസതിയായ റെയ്സീന കുന്നിലേക്കെത്തിയ 64 കാരിയായ ദ്രൗപതി മുർമു സന്താൾ ഗോത്ര വിഭാഗക്കാരിയാണ്. ഗ്രാമമുഖ്യനായിരുന്നു മുർമുവിന്റെ മുത്തച്ഛൻ. കൃഷി ചെയ്ത് മാത്രം ജീവിച്ചൊരു സമൂഹത്തിൽ നിന്ന് പട്ടിണിക്കും ദാരിദ്രത്തിനുമിടയിൽ നിന്ന് ഭുവനേശ്വറിലെ രമാദേവി കോളജിൽ ചേർന്ന് ബിരുദം നേടിയ ദ്രൗപതി 1979 ൽ ജലവകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നേടി. 1983 വരെ ജോലിയിൽ തുടർന്ന മുർമു പിന്നീട് ശ്രീ അരബിന്ദോ സ്കൂളിൽ അധ്യാപികയായി. 1997 ൽ പഞ്ചായത്ത് കൗൺസിലിലേക്ക് ബിജെപി സ്ഥാനാർഥിയായി മുർമു ജനവിധി തേടിയതോടെയാണ് മുർമുവിന്റെ ജീവിതം മാറി മറിഞ്ഞത്. തെരഞ്ഞെടുപ്പിൽ ജയിച്ച മുർമു അതേ വർഷം ബിജെപിയുടെ എസ് ടി മോർച്ചയുടെ ഒഡീഷയിലെ വൈസ് പ്രസിഡന്റുമായി. 2000ത്തിലും 2004ലും റായ് രംഗ്പൂരിൽ നിന്നുള്ള എംഎൽഎയായി. നവീൻ പട്നായിക് മന്ത്രിസഭയിൽ ഗതാഗതം, വാണിജ്യം, മൃഗപരിപാലനം, മൽസ്യബന്ധനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായി. 2007ൽ മികച്ച നിയമസഭാ സാമാജികയ്ക്കുള്ള നിലകാന്ത പുരസ്കാരവും മുർമുവിനെ തേടിയെത്തി. ജാർഖണ്ഡിലെ ഗവർണർ ആയി 2015മുതൽ 2021 വരെ പ്രവർത്തിച്ചിട്ടുണ്ട്.