അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയിൽ അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റെയും തീരങ്ങളിലേക്കാണ് കാറ്റ് ഇപ്പോൾ നീങ്ങുകയാണ്. 330 കിലോമീറ്റർ വിസ്തൃതിയിൽ വീശുന്ന ചുഴലികാറ്റിന്റെ കേന്ദ്രഭാഗം സലാല തീരത്ത് നിന്ന് 700 കിലോമീറ്റർ അകലെയാണുള്ളത്. എന്നാൽ മഴമേഖങ്ങൾ 360 കിലോമീറ്റർ അടുത്തെയിട്ടുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ടോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടും. ചൊവ്വാഴ്ച രാവിലെയായിരിക്കും കേന്ദ്ര ഭാഗം തീരം തൊടുക. ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്റ ഗവർണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച 200 മുതൽ 600 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. 68 മുതൽ 125 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കടലിലെ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. ചൊവ്വാഴ്ച രാവിലെ കരക്കെത്തുമ്പോൾ കാറ്റിന്റെ വേഗത വീണ്ടും വർധിക്കാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും വെള്ളത്തിന്റെ കുത്തൊഴുക്കും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.