ഒമാനിൽ പത്താമത് മജ്ലിസ് ശുറ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 29-ന് നടക്കും. ഒമാന് പുറത്തുള്ള പൗരന്മാർക്കാണ് 29ന് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കുക. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് വോട്ടിങ് സമയം. ഇലക്ട്രോണിക്ക് വോട്ടിങ്ങ് രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. 83 വിലായത്തുകളിൽ നിന്ന് 90 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്.
883 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇവരിൽ 33 പേർ സ്ത്രീകളാണ്. തെരഞ്ഞെടുപ്പിൽ 7,53,952 പേരാണ് വോട്ട് രേഖപ്പെടുത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 3,62,924 സ്ത്രീ വോട്ടർമാരാണുള്ളത്. പുതിയ വനിതാ വോട്ടർമാരുടെ എണ്ണം 76,059 ആണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.