നൂലിഴകൾ കൊണ്ട് തുന്നിചേർത്ത ജീവിതമാണ് സുരേന്ദ്രൻ കൊച്ചുവേലുവിൻ്റേത്. കൃത്യമായ അളവെടുത്ത് അതിനൊത്ത് തുണി തയ്ച്ചെടുത്ത് വസ്ത്രം അണിയുന്നവരുടെ മനസ്സ് നിറയ്ക്കുന്ന തയ്യൽക്കാരനായിരുന്നു തിരുവനന്തപുരത്തെ കൊച്ചുവേലുവിൻ്റേയും ഗോമതിയുടെയും ഏഴു മക്കളിലെ ഈ രണ്ടാമൻ. കുടുംബത്തിലെ പ്രാരാബ്ധം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അമ്മാവൻ്റെ കൂടെ തയ്യൽക്കാരനായി ജീവിതം തുടങ്ങുന്നതിനുള്ള കാരണമായി. അന്നൊന്നും ഈ ചെറുപ്പക്കാരൻ വിചാരിച്ചിരുന്നില്ല, ഇന്ന് ലോകമറിയുന്ന ഒരു നടനായി മാറുമെന്ന്.
അമ്മാവനൊപ്പം തയ്യൽ മെഷീൻ ചവിട്ടി തുടങ്ങിയ ജീവിതത്തിൽ വഴിത്തിരിവായത് അമേച്വർ ആർട്സ് ക്ലബ്ബുകളാണ്. അവിടുത്തെ നാടകങ്ങൾ സുരേന്ദ്രൻ്റെ അഭിനയ ജീവിതത്തിൻ്റെ തുടക്കമായി. സുരേന്ദ്രനെ നടനാക്കി. പിന്നീട് ദൂരദർശൻ്റെ വാതിൽ തുറന്ന് കിട്ടിയതായിരുന്നു ഈ ചെറുപ്പക്കാരൻ്റെ മിനി സ്ക്രീനിലേക്കുള്ള എൻട്രി. അങ്ങനെ ‘കളിവീട്ടിലൂടെ’ നിരവധി ആളുകളുടെ വീട്ടിലേക്ക് സുരേന്ദ്രൻ എത്തി.
എന്നാൽ നടനായിട്ടല്ലായിരുന്നു ബിഗ് സ്ക്രീനിലേക്കുള്ള എൻട്രി. അഭാനേതാക്കൾക്കുളള വസ്ത്രം തുന്നിയാണ് സുരേന്ദ്രൻ സിനിമക്കാരനായത്. വസ്ത്രാലങ്കാരം ‘ഇന്ദ്രൻസ്’ എന്ന് ബിഗ് സ്‌ക്രീനിൽ പേര് തെളിഞ്ഞുതുടങ്ങിയ കാലം. സ്വന്തം ടൈലർ ഷോപ്പിന് വേണ്ടി തെരഞ്ഞെടുത്ത പേര് പിന്നീടുള്ള ജീവിതത്തിലെ സ്വന്തം പേരായി സുരേന്ദ്രൻ തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു പിടി ചിത്രങ്ങളിൽ വസ്ത്രാലങ്കാരം ‘ഇന്ദ്രൻസ്’ എന്ന് തെളിഞ്ഞത് പിന്നീടുള്ള ചിത്രങ്ങളിൽ നടൻ ഇന്ദ്രൻസ് എന്നായി മാറി. അതോടെ ജീവിതത്തിനും ആഗ്രഹങ്ങൾക്കും തിളക്കം വന്നുതുടങ്ങി. പക്ഷെ കോമഡി താരമായി മാത്രമേ അദ്ദേഹത്തിന് സിനിമയിൽ സ്ഥാനമുണ്ടായിരുന്നുള്ളൂ. ഇതിനിടെ ജീവിതത്തിലുണ്ടായ ദുഖ:കരമായ നിമിഷങ്ങളും ബോഡി ഷെയിമിങ്ങുമെല്ലാം ഇന്ദ്രൻസ് ചിരി കൊണ്ടും ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ കൊണ്ടും നേരിട്ടു. സിനിമയിൽ ഇത്രത്തോളം ബോഡി ഷെയിമിങ് നേരിട്ട മറ്റൊരു നടൻ ഉണ്ടാവില്ല. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെട്ടു കണ്ടിട്ടില്ലെന്നാണ് സിനിമാ പ്രവർത്തകർ ഒന്നടങ്കം പറയുന്നത്.
തൊണ്ണൂറുകളിലെ കോമഡി വേഷങ്ങളിലൂടെ മുഖമുദ്ര പതിപ്പിച്ച ഇന്ദ്രൻസ് പതിയെ പതിയെ സിനിമയിൽ തൻ്റേതായ മറ്റോരിടം നേടിയെടുത്തു. രണ്ടായിരത്തിൻ്റെ തുടക്കം മുതൽ സിനിമാ ജീവിതത്തിലേക്ക് ക്യാരക്ടർ റോളുകളും വില്ലൻ കഥാപാത്രങ്ങളും തേടിയെത്തി. ‘കഥാവശേഷനിലെ’ കള്ളൻ സിനിമ കണ്ടവരുടെ ഉള്ളിൽ ഒരു വിങ്ങലായി ഇന്നുമുണ്ട്. ‘കണ്ണും നട്ട് കാത്തിരുന്നിട്ടും…’
ഇന്നിതാ, ഇന്ദ്രൻസ് എന്ന നടൻ്റെ കാത്തിരിപ്പിനും കഠിന പ്രയത്നത്തിനും സിനിമാ ലോകം അംഗീകാരങ്ങൾ നൽകി ആദരിക്കുകയാണ്. 260 ഇൽ പരം സിനിമകൾ ചെയ്ത ഇന്ദ്രൻസിനെ കോമഡി താരമെന്ന ലേബലിൽ നിന്നും അപ്പാടെ മാറ്റി ചിന്തിപ്പിക്കുന്ന നായക വേഷങ്ങളിലേക്ക്, സ്വഭാവ നടനിലേക്ക് സിനിമാ ലോകം തന്നെ എത്തിച്ചിരിക്കുന്നു.
2014 ഇൽ അപ്പോത്തിക്കിരിയിലൂടെ സംസ്ഥാന സർക്കാരിൻ്റെ സ്പെഷ്യൽ ജ്യൂറി മെൻഷൻ ലഭിച്ചതോടെ ഇന്ദ്രൻസ് എന്ന നടൻ്റെ മറ്റൊരു മുഖം സിനിമാ ലോകം കണ്ടു. അദ്ദേഹത്തിലെ നടൻ്റെ മികച്ച സാധ്യതകളെ തിരിച്ചറിഞ്ഞു. അഞ്ചാം പാതിരയിലെ വേഷവും അദ്ദേഹത്തിലെ യഥാർത്ഥ അഭിനേതാവിനെ പുറത്ത് കൊണ്ടുവന്നതാണ്.
പിന്നീടങ്ങോട്ട് മികച്ച വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അംഗീകാരങ്ങളും. ‘ആളൊരുക്ക’ത്തിലൂടെ പപ്പു പിഷാരടിയായെത്തി മികച്ച നടനുള്ള 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി ഇന്ദ്രൻസ്. കഴിഞ്ഞില്ല, അടുത്ത വർഷം തന്നെ ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ഒടുവിൽ ആ ചരിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. റോജിൻ തോമസിൻ്റെ ‘ഹോമി’ലെ ഗൃഹനാഥന്, ഒലിവർ ട്വിസ്റ്റിന് ദേശീയ അവാർഡ് നേട്ടം.
40 വർഷത്തെ സിനിമാ ജീവിതത്തിൽ കാത്തിരുന്ന് കിട്ടിയ നിമിഷമായിരുന്നു സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന് ഈ പുരസ്‌കാരം. ആ സന്തോഷം വിവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്പെഷ്യൽ ജൂറി പരാമർശത്തിൽ ഒതുക്കപ്പെട്ടു എന്ന് നിരാശ പ്രകടിപ്പിക്കുന്നവരോട് എങ്ങനെയൊക്കെയോ വന്ന് സംഭവിക്കുന്നതാണിതെല്ലാം. തന്നെ സംബന്ധിച്ചിടത്തോളം സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണിത് എന്ന് പറയുന്ന ഇന്ദ്രൻസ് എന്ന എളിമയുള്ള വ്യക്തിയേയും കാണാം.
കയ്പ്പ് നിറഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്ന് സുരേന്ദ്രൻ എന്ന വ്യക്തിക്ക് ഇന്ദ്രൻസ് മാത്രമായി മാറാനുള്ള ദൂരമായിരുന്നു 40 വർഷങ്ങൾ. തന്നെ സിനിമ തെരഞ്ഞെടുക്കുന്നിടത്ത് നിന്ന് താൻ സിനിമയെ തെരഞ്ഞെടുക്കുന്ന കാലത്തേക്ക് എത്തിപ്പെടാൻ ഇന്ദ്രൻസ് എടുത്തതും ഇതേ 40 വർഷങ്ങൾ തന്നെ. രൂപമല്ല, കഴിവാണ് ഒരു മനുഷ്യനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ദ്രൻസ്. ഇനിയും ഈ നടൻ്റെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി സിനിമാ ലോകം കാത്തിരിക്കുകയാണ്. ബിഗ് സ്‌ക്രീനിൽ തെളിയുന്ന ‘ഇന്ദ്രജാല’ത്തിനായി