അന്താരാഷ്ട്ര ജെം ആന്റ് ജ്വല്ലറി പ്രദർശനത്തിന്റെ മൂന്നാം എഡിഷന് ദുബായിൽ തുടക്കമായി. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് പ്രദർശനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 500 ലധികം ഉപഭോക്താക്കൾ പങ്കെടുക്കും. 50 സ്റ്റാളുകളിലായാണ് പ്രദർശനം നടത്തുന്നത്.
ഇന്ത്യയിൽ നിന്നുള്ള 45 ജ്വല്ലറികൾ പങ്കെടുക്കുന്ന മേളയിൽ അമൂല്യ രത്നങ്ങൾ, വജ്രങ്ങൾ, ആകർഷകമായ ഡിസൈനുകളിൽ തീർത്ത സ്വർണാഭരണങ്ങൾ എന്നിവയുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയത്തിന്റെയും യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും പിന്തുണയോടെ ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.