അറബ് ലോകത്തെ ഏറ്റവും ലിംഗസമത്വമുള്ള രാജ്യമായി യുഎഇ തുടരുന്നതായി വേൾഡ് ഗ്ലോബൽ ജെൻഡർ ഗ്യാപ്പിന്റെ റിപ്പോർട്ട്. സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെയുളള പ്രാഥമിക വിദ്യാഭ്യാസം എന്നിവയാണ് നേട്ടത്തിന് പിന്നില്‍. അതേസമയം ആഗോളതലത്തിൽ യുഎഇ 68-ാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് സ്ഥാനങ്ങളാണ് 2022ല്‍ യുഎഇ മെച്ചപ്പെടുത്തിയത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും ലിംഗസമത്വമുള്ള രണ്ടാമത്തെ രാജ്യവും യുഎഇയാണ്. ഈ പട്ടികയില്‍ ഇസ്രായേലാണ് മുന്നില്‍. കുവൈറ്റ്, ഒമാൻ, യുഎഇ എന്നിവയുടെ നേതൃത്വത്തിലുള്ള ആറ് രാജ്യങ്ങൾ സാങ്കേതിക റോളുകളിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിച്ചതായും പഠനം വ്യക്തമാക്കുന്നു. മുതിർന്ന സ്ഥാനങ്ങളിക് സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിച്ചതിന്റെ നേട്ടം ഒമാന്‍ സ്വന്തമാക്കി.
പ്രാഥമിക വിദ്യാഭ്യാസത്തിലെ ലിംഗ അസമത്വം കുറയ്ക്കാന്‍ യുഎഇയ്ക്കൊപ്പം അറബ് രാജ്യങ്ങൾക്ക് കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. എങ്കിലും ജോർദാനിലെയും ലെബനനിലെയും എൻറോൾമെന്റ് വിഹിതം ഇതര അറബ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ശാക്തീകരണ ഉപസൂചികയിൽ മുന്നേറ്റം നടത്തിയതും യുഎഇയാണ്. ഈ മേഖലയില്‍ കുവൈറ്റാണ് ഏറ്റവും പിന്നില്‍. ഉപ സൂചികകളിൽ, പ്രൈമറി, സെക്കൻഡറി, ടെർഷ്യറി വിദ്യാഭ്യാസം, പാർലമെന്റിലെ സ്ത്രീകൾ, ജനനസമയത്തെ ലിംഗാനുപാതം എന്നിവയിലും യു.എ.ഇ ആദ്യ സ്ഥാനത്തെത്തി.
പാർലമെന്ററി തലത്തിൽ തുല്യത നേടിയതും യുണൈറ്റഡ് അറബ് എമിറേറ്റ്സ് മാത്രമാണെന്നാണ് റിപ്പോര്‍ട്ട് . സർവേയിൽ പങ്കെടുത്ത 146 സമ്പദ് വ്യവസ്ഥകളിൽ അഞ്ചിൽ ഒരാൾക്ക് മാത്രമാണ് ലിംഗ വ്യത്യാസം ഒരു ശതമാനമെങ്കിലും കുറയ്ക്കാൻ കഴിഞ്ഞത്. കൊവിഡ് മഹാമാരി സ്ത്രീകളുടെ തൊഴില്‍ നഷ്ടത്തിനും അതിജീവനത്തിനും പ്രതിസന്ധികൾ സൃഷ്ടിച്ചെന്നും വേൾഡ് മാനേജിംഗ് ഡയറക്ടർ സാദിയ സാഹിദി ചൂണ്ടിക്കാട്ടി.