ശ്രീലങ്കയിൽ പ്രസിഡന്റ് ചുമതലകൾ നിർവഹിക്കാൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗേക്ക് അധികാരം നൽകിയതായി പാർലമെന്റ് സ്പീക്കർ. പ്രതിഷേധങ്ങൾക്കിടയിൽ പ്രസിഡന്റ് മാലിദ്വീപിലേക്ക് പലായനം ചെയ്‌തതോടെയാണ് ചുമതല കൈമാറിയത്. റെനിൽ വിക്രമസിംഗേ ആക്ടിങ് പ്രസിഡന്റ് ആകും.
മാറ്റത്തെക്കുറിച്ച് ഗോതബയ രജപക്‌സെ തന്നെ അറിയിച്ചതായി സ്പീക്കർ മഹിന്ദ യാപ അബേവർധന പറഞ്ഞു.
ഇതിനിടെ സർക്കാർ ടെലിവിഷൻ ചാനലായ രൂപവാഹിനി പ്രതിഷേധക്കാർ ഏറ്റെടുത്തു. ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം ആളിക്കത്തിയതോടെ സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാർ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കൊളംബോയില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞതോടെ സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്. പ്രസിഡന്‍റ് ഗോതബയ രജപക്സെ രാജിവെക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിഷേധം വ്യാപിച്ചത്. പ്രസിഡന്റിന്റെ രാജിയല്ലാതെ മറ്റൊരു വ്യവസ്ഥയും അംഗീകരിക്കില്ല. രാജിവെക്കുന്ന സമയം വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. ഇതുവരെ പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.