ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം ആളിക്കത്തിയതോടെ സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാർ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കൊളംബോയില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞതോടെ സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്. പ്രസിഡന്റ് ഗോതബയ രജപക്സെ രാജിവെക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിഷേധം വ്യാപിച്ചത്. പ്രസിഡന്റിന്റെ രാജിയല്ലാതെ മറ്റൊരു വ്യവസ്ഥയും അംഗീകരിക്കില്ല. രാജിവെക്കുന്ന സമയം വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. ഇതുവരെ പ്രസിഡന്റിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ഇന്ന് പ്രസിഡന്റ് രാജിവെക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വാക്ക് പാലിക്കാതെ പ്രസിഡന്റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചശേഷം മാലിദ്വീപിലേക്ക് കടക്കുകയായിരുന്നു.
പ്രക്ഷോഭങ്ങൾക്ക് അയവ് വരുത്താതെയാണ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടത്. ഭാര്യ ലോമ രജപക്സെയുമായി സൈനിക വിമാനത്തിൽ ഗോതബയ മാലിദ്വീപിലെത്തിയ വിവരം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഗോതബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചിരുന്നു. വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടഞ്ഞതോടെയാണ് സൈനിക വിമാനത്തിൽ അഭയം തേടിയത്. ആദ്യം മാലിദ്വീപിൽ വിമാനം ഇറക്കാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്റിന്റെ സ്പീക്കർ മജ്ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ട് അനുമതി നൽകുകയായിരുന്നു. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്നായിരുന്നു രജപക്സെ മുന്നോട്ട് വെച്ച വ്യവസ്ഥ.
ഗോതബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്റ് ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.