ഭിന്നശേഷിക്കാരായ ആളുകൾക്ക് 44 ദശലക്ഷം ദിർഹം മൂല്യമുള്ള പുതിയ സാമൂഹിക ആനുകൂല്യങ്ങൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ അംഗീകാരം.. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ള 60 വയസ്സിന് താഴെയുള്ളവരെയാണ് പരിഗണിക്കുക. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനും വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നതിനുമാണ് പദ്ധതി.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഷെയ്ഖ് ഹംദാന്റെ പ്രഖ്യാപനം. നിശ്ചായദാര്ഢ്യമുളളവര്ക്കായി രാജ്യം നടത്തുന്ന പുതിയ ചുവടുവെപ്പാണിതെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായിയുടെ വികസനത്തിനൊപ്പം സാമൂഹിക മേഖലയെ സമ്പൂർണമായി പരിവർത്തനം ചെയ്യുകയാണ്. എല്ലാ സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിന്റർ ഗാർട്ടൻ, സ്കൂളുകൾ, യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾ, പ്രത്യേക സ്ഥാപനങ്ങളിലെ പരിശീലന, പുനരധിവാസ കേന്ദ്രങ്ങൾ, ഷാഡോ അധ്യാപകർ, പരിചരണം നൽകുന്നവർ, പേഴ്സണൽ അസിസ്റ്റന്റുമാർ, ആംഗ്യ ഭാഷാ വ്യാഖ്യാതാക്കൾ എന്നിവര്‍ക്കുളള ചെലവുകളും പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വഹിക്കും
ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും തയ്യാറാക്കും, വാഹനങ്ങളിലും വിവിധ ഗതാഗത മാർഗ്ഗങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ. പുനരധിവാസം, വിവിധ തരത്തിലുള്ള വൈകല്യമുള്ളവരെ ഉൾക്കൊള്ളാൻ ജോലിസ്ഥലത്തെ സജ്ജീകരിക്കുന്നതിനുള്ള ചെലവുകൾ എന്നിവയും ആനുകൂല്യങ്ങളില്‍പ്പെടുന്നു. ടാർഗെറ്റ് സെഗ്മെന്റിന്റെ ഭാഗമായി പദ്ധതി വിപുലീകരിക്കാനും തീരുമാനമുണ്ട്.