എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച കൽപ്പറ്റയിലെ ഓഫീസ് ഇന്നലെ രാഹുൽ ഗാന്ധി എംപി സന്ദർശിച്ചു. ‘എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരം. തകർത്തത് ജനങ്ങളുടെ ഓഫീസ്. എസ്എഫ്ഐയുടേത് ഉത്തരവാദിത്തമില്ലായ്‌മയാണ്. ആക്രമിച്ചത് കുട്ടികളാണ്, ആരോടും ദേഷ്യമില്ല’. രാഹുലിന്റെ പ്രതികരണം ഇങ്ങനെ.
കർഷകരെ വന്യ ജീവികളിൽനിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയുന്നില്ലെന്ന് രാഹുൽഗാന്ധി കുറ്റപ്പെടുത്തി. ഇന്നലെ ബഫർസോൺ വിഷയത്തിൽ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നടന്ന ബഹുജന സംഗമത്തിൽ അദ്ദേഹം പങ്കെടുത്തു. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ രാഹുൽ വിമർശിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭേദഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും യുപിഎ സർക്കാർ കർഷകന് വേണ്ടിയുണ്ടാക്കിയ നിയമമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എംപിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11 മണിക്ക് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. പിന്നീട് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.