ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സ്ഥാപിക്കാനൊരുങ്ങി ദുബായ്. സൂര്യപ്രകാശത്തിൽ നിന്ന് 1,800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്കാണ് ദുബായ് ഇലക്ട്രിസിറ്റ് ആന്റ് വാട്ടർ അതോറിറ്റി (ദീവ) തയ്യാറായിരിക്കുന്നത്. ഇതിനായി അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായി ദീവ കരാറിൽ ഒപ്പിട്ടു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിലാണ് പുതിയ പാനലുകൾ സ്ഥാപിക്കുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കേന്ദ്രമായി ഇതോടെ ഈ പാർക്ക് മാറും. നിലവിൽ 2,327 മെഗാവാട്ട് വൈദ്യുതിയാണ് സൗരോർജത്തിൽ നിന്ന് ദുബായിൽ ഉൽപാദിപ്പിക്കുന്നത്. പുതിയ 1,800 മെഗാവാട്ട് പദ്ധതികൂടി പൂർത്തിയാകുന്നതോടെ സൗരോർജ ഉൽപാദനം 4,660 മെഗാവാട്ട് ആയി വർധിക്കും. ഒരു കിലോവാട്ടിന് 8 ദിർഹത്തിൽ താഴെ മാത്രമാണ് സൗരോർജ വൈദ്യുതിയുടെ ഉൽപാദനച്ചെലവ്.
അടുത്ത വർഷം അവസാനത്തോടെ സോളർ പാനലുകൾ പ്രവർത്തന ക്ഷമമാകും. സോളർ പാർക്കിലെ ആറാം ഘട്ട വികസന പദ്ധതിയാണിത്. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് ദുബായ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 65 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ദുബായിൽ ഇല്ലാതാകും.