ഒരിക്കൽ നഷ്ടപ്പെട്ട ഇന്ത്യൻ പൗരത്വം 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ലഭിച്ചതിന്റെ സന്തോഷത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ. താരം തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മനസും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി ആയിരിക്കുന്നു എന്നാണ് താരം പ്രതികരിച്ചത്.
2011-ൽ തന്റെ 44-ാം വയസിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് താരം കുടുംബത്തോടൊപ്പം കാനഡയ്ക്ക് പോകുന്നതും കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതും. സാംസ്കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011-ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം നൽകിയത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാറിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു.
എന്നാൽ കനേഡിയൻ പൗരത്വം സ്വീകരിച്ചതിന്റെ പേരിൽ നിരവധി വിവാദങ്ങളിലും അക്ഷയ് കുമാർ അകപ്പെട്ടിരുന്നു. പിന്നീട് താരം ചെയ്ത രണ്ട് ചിത്രങ്ങൾ സൂപ്പർഹിറ്റായതോടെയാണ് വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചത്. 2019-ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ കാരണം നടപടികൾ നീണ്ടുപോയി. കഴിഞ്ഞ വർഷം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അങ്ങനെ 12 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിച്ചിരിക്കുന്നത്.