ഒമാന്റെ സമുദ്ര ഭാഗത്ത് നിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതൽ വിലക്കേർപ്പെടുത്തി. രണ്ട് മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
65 സെന്റി മീറ്ററിൽ കുറഞ്ഞ വലുപ്പമുള്ള മീനുകൾ പിടിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നിശ്ചിത വലുപ്പത്തിലുള്ള കുറഞ്ഞ മീനുകൾ വലയിൽ പെട്ടാൽ അതിവേഗം കടലിൽ തിരിച്ചിടണമെന്നും അധികൃതർ മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചു. ഈ ഇനത്തിൽ ഉൾപ്പെട്ട നെയ്മീൻ സൂക്ഷിച്ച് വയ്ക്കുന്നതും വിൽപന നടത്തുന്നതുമെല്ലാം നിരോധനത്തിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങൾ സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. അറേബ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചു പോരുന്നത്. യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും വൈകാതെ നിരോധന ഉത്തരവ് പുറത്തിറക്കുമെന്നാണ് സൂചന.