ഖത്തറിന്റെ വ്യാപാരബന്ധത്തിന്റെ പട്ടികയിൽ മുന്നിലെത്തി ഇന്ത്യ. ജൂണിൽ ഖത്തറിൽ നിന്ന് ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ 3-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കൂടാതെ ഖത്തറിലേക്കുള്ള ഇറക്കുമതിയിൽ ഇന്ത്യ 4-ാം സ്ഥാനത്തുമാണ് നിലവിലുള്ളത്.
ഖത്തറിൽ നിന്നുള്ള കയറ്റുമതി മൂല്യത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 539.2 കോടി റിയാലാണ് മൂല്യം. രണ്ടാം സ്ഥാനത്ത് 319.6 കോടി റിയാലോടെ ദക്ഷിണ കൊറിയയും നാലും അഞ്ചും സ്ഥാനങ്ങളിൽ ജപ്പാനും സിംഗപ്പൂരുമാണ്. 317.2 കോടി റിയാൽ ആണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം. അതേസമയം ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ 4-ാം സ്ഥാനത്താണ് ഇന്ത്യ. 51.9 കോടി റിയാലാണ് ഇറക്കുമതി മൂല്യം. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 183.8 കോടി റിയാലാണ് മൂല്യം. രണ്ടാം സ്ഥാനത്ത് ചൈന (132.7 കോടി റിയാൽ), മൂന്നാം സ്ഥാനത്ത് ജർമ്മനി (53.2 കോടി റിയാൽ), അഞ്ചാമത് ഇറ്റലി (47.8 കോടി റിയാൽ) എന്നിങ്ങനെയാണ് പട്ടിക.
കയറ്റുമതി ഉൽപന്നങ്ങളിൽ പെട്രോളിയം, മറ്റ് വാതകങ്ങൾ, ഹൈഡ്രോകാർബണുകൾ, ക്രൂഡ് ഓയിൽ എന്നിവയും ഇറക്കുമതിയിൽ ടർബോജെറ്റ്, ടർബോപ്രോപ്പെല്ലറുകൾ, വാതക ടർബൈനുകൾ, മോട്ടർ കാറുകൾ, സ്വകാര്യ വാഹനങ്ങൾ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയുമാണ് മുന്നിൽ നിൽക്കുന്നത്.