സലാലയിലെ അൽ നസീം വാട്ടർ പാർക്ക് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. ദോഫാർ ഗവർണറേറ്റിലെ പാർക്കിന്റെ ഉദ്ഘാടനം ദോഫാർ ഗവർണർ മർവാൻ ബിൻ തുർക്കി അൽ സഈദ് നിർവഹിച്ചു. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആണ് വാട്ടർ പാർക്ക് ഒരുക്കിയത്. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് പുതിയ പദ്ധതി.
എല്ലാവിധ നൂതന വിനോദ സംവിധാനങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഖരീഫ് സീസണിന്റെ ഭാഗമായെത്തുന്ന സഞ്ചാരികൾക്ക് പുതിയൊരു വിനോദ കേന്ദ്രമാകും അൽ സലീം വാട്ടർ പാർക്ക്. അടുത്ത ഘട്ടങ്ങളിലായി പ്രദേശത്ത് മിനി മൃഗശാലയും റിക്രിയേഷനൽ ഗെയിം സെന്ററും ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആവശ്യമായ ഗെയിമുകൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.