അഗ്നിപഥ് പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പല വിദേശ രാജ്യങ്ങളിലും ഇത്തരം നിയമനങ്ങൾ നടക്കാറുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് ഏറെ അനിവാര്യമാണ് പദ്ധതിയെന്നും പ്രതിരോധ അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി മാധ്യമംങ്ങളോട് പ്രതികരിച്ചു. കൂടാതെ ഏറെ ആലോചിച്ചെടുത്ത ഈ പദ്ധതിക്കെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നതായും ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി കൂട്ടിച്ചേർത്തു.
അഗ്നിപഥിൽ നിന്ന് പിന്നോട്ടില്ലെന്നും രാത്രി വെളുത്തപ്പോൾ കൊണ്ടുവന്ന പദ്ധതിയല്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിശദമാക്കി.
പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബിഹാറിൽ സ്ഥിതി പൂർണ്ണമായും ശാന്തമായെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ 900ൽ ഏറെ പേർ അറസ്റ്റിലാവുകയും 161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനങ്ങളാണ് ബംഗാളിലും ഒഡീഷയിലും നടന്നത്. അഗ്നിപഥ് പദ്ധതിയിലൂടെ സ്വന്തമായി സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് മമത ബാനർജി ആരോപിച്ചു. യുവാക്കളുടെ കൈകളിൽ ആയുധം നൽകാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും നിയമസഭയിൽ മമത ബാനർജി പറഞ്ഞു.